ബെംഗളുരു: മയക്കുമരുന്ന് കേസില്‍ ഒളിവില്‍ കഴിയുന്ന ആദിത്യ ആല്‍വയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അന്തരിച്ച മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. മയക്കുമരുന്ന് കേസില്‍ അറസ്റ്റ് പ്രതീക്ഷിച്ച് ഒളിവില്‍ കഴിയുന്ന ആദിത്യ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ആദിത്യ ഇന്ത്യ വിട്ടേക്കുമെന്നും പൊലീസ് കരുതുന്നു. അതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 

അതേസമയം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ മുന്‍നിര താരം ദീപിക പദുകോണിനെയും നാഷണല്‍ നാര്‍ക്കോട്ടിക്സ് ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ടൈംസ് നൗവാണ് വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തത്. ഡി, കെ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ചവര്‍ ചാറ്റ് ചെയ്തതാണ് ദീപികയെ സംശയിക്കാന്‍ കാരണം. ഡി എന്നത് ദീപികയാണെന്നും കെ എന്നത് ഖ്വാന്‍ ടാലന്റ് മാനേജ്മെന്റ് ഏജന്‍സി ജീവനക്കാരി കരിഷ്മയാണെന്നും നാര്‍ക്കോട്ടിക്സ് ബ്യൂറോ തിരിച്ചറിഞ്ഞിട്ടുണ്ട്.

കരിഷ്മയെ ചൊവ്വാഴ്ചയും ദീപികയെ അടുത്തയാഴ്ചയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുവരും പുണെയിലെ ഐലന്‍ഡില്‍ നിരവധി തവണ സുശാന്തുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. സാറയും ശ്രദ്ധയും സിമോണി കംബട്ട എന്നിവരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറസ്റ്റിലായ റിയ ചക്രബര്‍ത്തി കുറ്റസമ്മതം നടത്തിയതായി എന്‍സിബി പറയുന്നു.