ബെംഗളൂരു നഗരത്തിൽ നടന്ന വൻ ലഹരിവേട്ടയിൽ കോടികളുടെ ലഹരിമരുന്ന് പിടികൂടി. മലയാളികളും വിദേശിയുമടക്കം അഞ്ച് പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് കഞ്ചാവും ഹൈഡ്രോ കഞ്ചാവും എംഡിഎംഎയും അടക്കം കോടികൾ വിലമതിക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വൻ ലഹരിവേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ 5 പേർ പിടിയിലായതാണ് വിവരം. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി. മലയാളികളായ അജ്മൽ, മജീദ് എന്നിവർ തായ്‍ലൻഡിൽ നിന്നെത്തിച്ച 5 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി പിടിയിലായി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും ലഹരിവേട്ട നടന്നു. 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. 

Add Asianetnews as a Preferred SourcegooglePreferred

രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്. സെനഗൽ സ്വദേശിയാണ് ബെംഗളൂരുവിനടുത്ത് ഹെബ്ബഗോഡിയിൽ നിന്നും 1.5 കോടിയുടെ ലഹരി ഉൽപ്പന്നങ്ങളുമായി പിടിയിലായ വിദേശി. കഞ്ചാവ് കേസിൽ നേരത്തെ പിടിയിലായ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി ഉൽപ്പന്നങ്ങളുമായി പിടിയിലായത്. 11 കോടി രൂപ വിലമിക്കുന്ന എംഡിഎംഎയാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. 

പ്രതികളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ആരുടെയെങ്കിലും ഏജൻ്റുമാരാണോ, ആർക്കൊക്കെ വേണ്ടിയാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്, ഇടപാടുകാർ ആരൊക്കെയാണ് തുടങ്ങി വിശദമായ പരിശോധനകൾ ഈ കേസുകളിൽ നടത്തുമെന്നാണ് പൊലീസ് പറയുന്നത്. ഏറെ കാലമായി ബെംഗളൂരു നഗരം കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നവരാണ് പിടിയിലായ പ്രതികളെന്ന് വിവരമുണ്ട്. പിടിയിലായ പ്രതികളെ വൈദ്യ പരിശോധന അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.