ബെംഗളൂരു നഗരത്തിലെ ആദ്യ തുരങ്കപാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ഹെബ്ബാൾ ജങ്ഷനിൽനിന്ന് മേക്രി സർക്കിൾ വരെ ആണ് 2.2 കിലോമീറ്റർ ദൈർഘ്യത്തിൽ തുരങ്കപാത നിർമ്മിക്കുന്നത്. പദ്ധതിയുടെ കല്ലിടൽ കർമ്മം മുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർവഹിച്ചു. 

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാനുള്ള ഹ്രസ്വ തുരങ്കപാത പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കമാകുന്നു. മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഞായറാഴ്ച പദ്ധതിയുടെ കല്ലിടൽ കർമ്മം നിർവഹിച്ചു. ഹെബ്ബാൾ ജങ്ഷനിൽനിന്ന് മേക്രി സർക്കിൾ വരെ ആണ് ആറുവരി തുരങ്കപാത നിർമ്മിക്കുന്നത്. 2.2 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയ്ക്ക് 1,139 കോടി രൂപയാണ് നിർമ്മാണച്ചെലവ് കണക്കാക്കുന്നത്. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് തുരങ്കപാത പരിഹാരമാകില്ലെന്ന പ്രതിപക്ഷത്തിൻ്റെയും വിദഗ്ധരുടെയും നിർദേശം മറികടന്നാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നത് ശ്രദ്ധേയമാണ്. ബെംഗളൂരുവിലെ ആദ്യ തുരങ്കപാതയാണിത്. ഹെബ്ബാൾ ജങ്ഷനിലെ ബെല്ലാരി റോഡിൽനിന്ന് ആരംഭിച്ച്, റെയിൽവേ പാലത്തിന് അടിയിലൂടെ, ഔട്ടർ റിങ് റോഡ് കടന്ന് വെറ്ററിനറി കോളേജ് ക്യാമ്പസിന് സമീപം എത്തിച്ചേരുന്ന പാത, അഗ്രികൾച്ചർ സയൻസസ് യൂണിവേഴ്സിറ്റിയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപമാണ് അവസാനിക്കുന്നത്. യാത്രക്കാർക്ക് ഇവിടെനിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് സിഗ്നൽ രഹിത യാത്ര സാധ്യമാകും.

ബെംഗളൂരു ഡെവലപ്മെൻ്റ് അതോറിറ്റിയാണ് പദ്ധതിയുടെ നിർമ്മാണച്ചെലവ് വഹിക്കുന്നത്. ഇരു ദിശയിലും മൂന്നുവരി വീതമുള്ള പാതയിലെ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററായിരിക്കും. നിലവിൽ തിരക്കേറിയ സമയങ്ങളിൽ ഈ റൂട്ട് പിന്നിടാൻ അരമണിക്കൂറോളം സമയം വേണ്ടിവരും. എന്നാൽ തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ രണ്ടു മിനിറ്റിനുള്ളിൽ റൂട്ട് പിന്നിടാനാകുമെന്നാണ് സർക്കാരിൻ്റെ അവകാശവാദം. പാത ടോൾ രഹിതമായിരിക്കും. പരമ്പരാഗത തുരങ്കനിർമ്മാണ രീതിയായ കട്ട് ആൻ്റ് കവർ രീതിയിലാകും തുരങ്കം നിർമ്മിക്കുക. അടുത്ത രണ്ടാഴ്ചയ്ക്കകം പാതയുടെ നിർമ്മാണം സജീവമാകും.

അടുത്ത 50 വർഷത്തേക്കുള്ള ബെംഗളൂരു നഗരവികസന പദ്ധതികൾ തയ്യാറാക്കിവരികയാണെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. ഹെബ്ബാളിൽനിന്ന് സിൽക്ക് ബോർഡിലേക്കുള്ള തുരങ്കപാത പദ്ധതിക്കുള്ള നിർദേശം സമർപ്പിച്ചതായും അടുത്ത മൂന്നോ നാലോ വർഷത്തിനകം നിർമ്മാണം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഒന്നിലധികം നിർമ്മാണപ്രവൃത്തികൾ നടക്കുന്ന തിരക്കേറിയ ഹെബ്ബാൾ ജങ്ഷനിൽ തുരങ്കപാത നിർമ്മാണം കൂടി ആരംഭിക്കുന്നതോടെ വാഹന യാത്രക്കാരുടെ ക്ഷമ നശിച്ചേക്കും. നിലവിൽ നമ്മ മെട്രോയുടെ ബ്ലൂ ലൈൻ, ഡബിൾ ഡക്കർ ഫ്ലൈഓവർ, സബർബൻ റെയിൽ എന്നിവയുടെ നിർമ്മാണം ഈ മേഖലയിൽ പുരോഗമിക്കുന്നുണ്ട്.