മയക്കുവെടി വച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ വെറ്ററിനറി സർജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാൻ പുലി ശ്രമിച്ചു...
ബെംഗളുരു: ബെംഗളുരു നഗരത്തെ ഭീതിയിലാഴ്ത്തിയ പുലിക്ക് ഒടുവിൽ ദാരുണാന്ത്യം. പുലിയെ വളഞ്ഞ് വലയിട്ട് പിടിക്കാൻ നോക്കിയിട്ടും രക്ഷയില്ലാതായതോടെ മയക്കുവെടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മയക്കുവെടിയേറ്റിട്ടും ആക്രമണം തുടർന്നതോടെ കൂടുതൽ വെടിവയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് പുലി ചത്തത്.
കുഡ്‍ലു ഗേറ്റിന് സമീപത്തെ ഒരു ആളൊഴിഞ്ഞ പ്രദേശത്ത് വനംവകുപ്പ് വരച്ച 'കെണി'യിൽ പുലി വീഴുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പുലിയെ കിട്ടിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വയ്ക്കുകയും ചെയ്തു. എന്നാൽ മയക്കുവെടി വച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ വെറ്ററിനറി സർജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാൻ പുലി ശ്രമിച്ചു. ഇതോടെ കൂടുതൽ മയക്കുവെടി പുലിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. മയങ്ങി വീണ പുലിയെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴേക്കും ചത്തിരുന്നു. പുലിയെ മയക്കുവെടി വച്ച് പിടിച്ച് കെണിയിലാക്കി തിരികെ ബന്നർഘട്ട നാഷണൽ പാർക്കിൽ വിടാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ബെംഗളുരു നഗരത്തെ ഭീതിലാഴ്ത്തിയ പുലിയെ കണ്ടത്. കുട്‍ലു ഗേറ്റിലും സിംഗസാന്ദ്രയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലും പുലിയെ കണ്ടതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും നിർദേശിച്ചിരുന്നു. പകൽ കുട്ടികളെ അടക്കം പുറത്ത് വിടുന്നത് ശ്രദ്ധിച്ച് വേണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ തെക്കൻ ബെംഗളുരുവിലെ പ്രധാന റെസിഡൻഷ്യൽ മേഖലയായ കുട്‍ലു ഗേറ്റിലെ ഐ ടി പാർക്കിന് മുന്നിലെ റോഡിലാണ് പുലിയെ ആദ്യം കണ്ടത്. രാത്രി പട്രോളിംഗിന് ഇറങ്ങിയ പൊലീസുകാരാണ് ദൂരെ റോഡിൽ പുലി നടക്കുന്നത് ശ്രദ്ധിച്ചത്. അർദ്ധരാത്രിയായിരുന്നതിനാൽ റോഡിൽ അധികം പേരുണ്ടായിരുന്നില്ല. പുലിയുടെ അടുത്തേക്ക് പോകരുതെന്നും, പരമാവധി അകലം പാലിക്കണമെന്നും റോഡിലുണ്ടായിരുന്നവരോട് നിർദേശിച്ച പൊലീസുദ്യോഗസ്ഥർ, തൊട്ടടുത്തുള്ള മരങ്ങൾ നിറഞ്ഞ സ്ഥലത്തേക്ക് പുലി നടന്ന് പോയ ശേഷമാണ് വാഹനവുമായി മുന്നോട്ട് പോയത്. ഇതിന് ശേഷമാണ് ഫ്ലാറ്റ് സമുച്ഛയത്തിലും പുലിയെ കണ്ടെത്തിയത്. ഇതോടെ നഗരവാസികൾ വലിയ പേടിയിലായിരുന്നു. ഒടുവിൽ പുലിയെ പിടികൂടി എന്നറിഞ്ഞതോടെയാണ് ആളുകൾക്ക് ആശ്വാസമായത്. പിടികൂടിയ പുലി ചത്തുവെന്നറിഞ്ഞതിൽ സങ്കടമുണ്ടെന്നാണ് പലരും പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
