റോഡ് മുറിച്ചു കടന്ന് രാജവെമ്പാല റോഡരികിലെ ഓടയിലാണ് ഒളിച്ചത്. എന്നാൽ...
തലപ്പുഴ: വയനാട് ജില്ലയിലെ തലപ്പുഴയിൽ രാജവെമ്പാലയെ പിടികൂടി. മാനന്തവാടി കണ്ണൂർ റോഡിൽ നാൽപ്പത്തി മൂന്നാം മൈലിലാണ് സംഭവം. വീടിനരികില്‍ പാമ്പിനെ കണ്ട് വീട്ടുകാര്‍ പിന്തുടർന്നു. റോഡ് മുറിച്ചു കടന്ന് രാജവെമ്പാല റോഡരികിലെ ഓടയില്‍ ഒളിച്ചു. നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചു. തലപ്പുഴ, വരയാൽ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്ന് വനപാലകരെത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. പിന്നാലെ ഉള്‍വനത്തില്‍ എത്തിച്ച് തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പ് നാട്ടുകാരെ ആറര മണിക്കൂര്‍ വട്ടം കറക്കി എന്നതാണ്. പണവും സമയവും നഷ്ടപ്പെട്ടാലും ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് സ്‌കൂട്ടര്‍ ഉടമ ശരത്. തിമില കലാകാരനായ ചേലക്കര സ്വദേശി വില്ലേടത്തു പറമ്പില്‍ ശരത് കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് ഗുരുവായൂരില്‍ എത്തിയത്. പടിഞ്ഞാറേ നടയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് പോയി. നിര്‍മ്മാല്യം കുളിച്ചു തൊഴുത് പുലര്‍ച്ചെ നാലുമണിയോടെ സ്‌കൂട്ടറിന് അരികില്‍ എത്തി. ഈറന്‍ മാറാന്‍ സീറ്റ് തുറന്നു വസ്ത്രങ്ങള്‍ എടുക്കുമ്പോഴാണ് സീറ്റിനു മുകളില്‍ പാമ്പിനെ കണ്ടത്. സീറ്റിന്റെ അടിവശത്താണ് ശരത് പിടിച്ചിരുന്നത്. മുകള്‍വശത്തായിരുന്നെങ്കില്‍ പാമ്പിന്റെ കടിയേല്‍ക്കുമായിരുന്നുവെന്ന് ശരത് പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ക്ഷേത്രനടയില്‍ പാമ്പിനെ കൊല്ലാന്‍ പാടില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ കുറച്ച് അകലേക്ക് കൊണ്ടുപോയി. അയല്‍വാസികളായ രണ്ടുപേരെ സ്‌കൂട്ടറിന് കാവലിരുത്തിയ ശേഷം ശരത് തൊട്ടടുത്തുള്ള ഫയര്‍ ഫോഴ്‌സ് ഓഫീസിലെത്തി വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉടനെ സിവില്‍ ഡിഫന്‍സ് അംഗവും സ്‌നേക്ക് റെസ്‌ക്യൂ വളണ്ടിയറുമായ പ്രബീഷിനെ വിളിച്ചു വരുത്തി. ശേഷമാണ് പാമ്പിനെ പിടികൂടിയത്.
