കന്നുകാലി സംരക്ഷകനായ നായയ്ക്ക് ചെന്നായ്ക്കളെ ആക്രമിക്കാനുള്ള അതുല്യമായ കഴിവുണ്ട്. കാവൽ നായ്ക്കളായാണ് ഇവയെ വളർത്തുന്നത്. റഷ്യയിൽ ജയിലുകൾക്ക് കാവൽ നിൽക്കുന്നത് കൊക്കേഷ്യൻ ഷെപ്പേർഡാണ്.
വളർത്തുമൃഗങ്ങളെ സ്വന്തമാക്കാനായി എത്ര പണം മുടക്കാനും ചിലർ തയ്യാറാണ്. വളർത്തുമൃഗങ്ങളോടുള്ള അടങ്ങാത്ത സ്നേഹവും താൽപര്യവുമാണ് പണം മുടക്കാൻ മൃഗസ്നേഹികളെ പ്രേരിപ്പിക്കുന്നത്. എന്നാൽ, 20 കോടി രൂപ നൽകി കൊക്കേഷ്യൻ ഷെപ്പേർഡ് ഇനം നായയെ സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ കാഡബോംസ് കെന്നലിന്റെ ഉടമ സതീഷ്. ഹൈദരാബാദിൽ നിന്നാണ് ഇയാൾ 20 കോടി രൂപ വിലയുള്ള നായയെ വാങ്ങിയത്. വിലകൂടിയ ഇനം നായകളെ വളർത്തുന്നതിൽ പേരുകേട്ടയാണ് സതീഷ്. ഏകദേശം ആറ് മാസം മുമ്പാണ് അപൂർവ കൊക്കേഷ്യൻ ഷെപ്പേർഡിനെ കൊണ്ടുവന്നതെന്ന് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്തു.
അർമേനിയ, സർക്കാസിയ, തുർക്കി, അസർബൈജാൻ, ഡാഗെസ്താൻ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊക്കേഷ്യൻ ഷെപ്പേർഡ് ഇനം കാണപ്പെടുന്നത്. ഹൈദരാബാദി ബ്രീഡർ ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും കാഡബോംസ് കെന്നലിന്റെ ഉടമയുമായ സതീഷിനെ ബന്ധപ്പെട്ട് തന്റെ കൈയിൽ കൊക്കേഷ്യൻ ഷെപ്പേർഡ് ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ നായയെ വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു.
സതീഷ് നായയെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതോടെ ഹൈദരാബാദി ബ്രീഡർ 20 കോടി രൂപ വിലപറഞ്ഞു. പറഞ്ഞ പണം നൽകി സതീഷ് നായയെ സ്വന്തമാക്കുകയും ചെയ്തു. കാഡബോം ഹെയ്‌ഡർ എന്നാണ് സതീഷ് ഈ നായയ്ക്ക് പേരിട്ടിരിക്കുന്നത്. നായയ്ക്ക് ഏകദേശം 1.5 വയസ്സ് പ്രായമുണ്ട്. കന്നുകാലി സംരക്ഷകനായ നായയ്ക്ക് ചെന്നായ്ക്കളെ ആക്രമിക്കാനുള്ള അതുല്യമായ കഴിവുണ്ട്. കാവൽ നായ്ക്കളായാണ് ഇവയെ വളർത്തുന്നത്. റഷ്യയിൽ ജയിലുകൾക്ക് കാവൽ നിൽക്കുന്നത് കൊക്കേഷ്യൻ ഷെപ്പേർഡാണ്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ബ്രീഡർമാരാണ് കൊക്കേഷ്യൻ മേഖലയിലെ ചില ഇനങ്ങൾ തെരഞ്ഞെടുത്ത് ഈ ഇനത്തെ സൃഷ്ടിച്ചത്.
പ്രായപൂർത്തിയായ കോക്കസസ് ഷെപ്പേർഡിന് 45 മുതൽ 70 കിലോഗ്രാം വരെ ഭാരം വരും. 10-12 വർഷമാണ് ശരാശരി ആയുസ്സ്. നേരത്തെയും വൻ തുക മുടക്കി നായ്ക്കളെ വാങ്ങി സതീഷ് വാർത്തകളിൽ ഇടം നേടിയിരുന്നു. ടിബറ്റൻ മാസ്റ്റിഫിനെ 10 കോടി രൂപയ്ക്കും അലാസ്‌കൻ മലമൂട്ടിനെ എട്ട് കോടി രൂപയ്ക്കും അദ്ദേഹം നേരത്തെ വാങ്ങിയിരുന്നു. 20 കോടി രൂപ വിലയുള്ള നായ വിവിധ ഇനങ്ങളിലായി 32 ഓളം മെഡലുകൾ നേടിയിട്ടുണ്ട്. അഞ്ച് കോടി രൂപയ്ക്ക് വാങ്ങിയ ഇതെ ഇനത്തിൽപ്പെട്ട രണ്ട് കുഞ്ഞുങ്ങളാണ് സതീഷിനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
