മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ കെ. ഗോവിന്ദരാജുവിനെ പുറത്താക്കുകയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റുകയും ചെയ്തു.

ബെം​ഗളൂരു: ഐപിഎൽ കിരീടം നേടിയ ക്രിക്കറ്റ് ടീം ആർസിബിയുടെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ സർക്കാർ തലത്തിലും നടപടി. കർണാക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ കെ. ഗോവിന്ദരാജുവിനെ പുറത്താക്കുകയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റുകയും ചെയ്തു. സംസ്ഥാന ഒളിമ്പിക് അസോസിയേഷന്റെ തലവൻ കൂടിയായ കെ. ഗോവിന്ദരാജുവാണ് വിധാൻ സൗധയിൽ ആർ‌സി‌ബി വിജയാഘോഷം നടത്താൻ മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തിയ പ്രധാന വ്യക്തിയെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി), ഡിഎൻഎ ഇവന്റ് മാനേജ്‌മെന്റ്, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സി‌എ) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധികൾക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ബെംഗളൂരു പൊലീസ് കമ്മീഷണർ, അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ (സെൻട്രൽ), എസിപി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെസസ്പെൻഡ് ചെയ്തിരുന്നു,

ദുരന്തവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെയും പരാതി ഉയർന്നു. സാമൂഹിക പ്രവർത്തകൻ എച്ച്‌എം വെങ്കിടേഷ് ആണ് വിരാട് കോഹ്ലിലെക്കെതിരെ പരാതി നൽകിയിട്ടുള്ളതെന്ന് വാർത്താ ഏജൻസിയായ എ‌എൻ‌ഐ റിപ്പോർട്ട് ചെയ്തു. ആർ‌സി‌ബിയുടെ ആദ്യ ഐ‌പി‌എൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേ‌‍ർ മരിച്ച സംഭവത്തിൽ വിരാട് കോഹ്‌ലിയും ഉത്തരവാദിയാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ വിരാട് കോഹ്ലിക്കെതിരായ പരാതിയിൽ ഇതുവരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടില്ല.