Asianet News MalayalamAsianet News Malayalam

മതമാറ്റത്തിനും ക്രൂര പീഡനത്തിനുമിരയായെന്ന് വെളിപ്പെടുത്തല്‍, യുവതിയുടെ പരാതിയില്‍ ടെക്കി അറസ്റ്റില്‍

പോലീസ് സഹായം തേടി സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതി എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പിടുകയായിരുന്നു

Bengaluru Techie From Srinagar "Forced" Partner To Convert, Arrested: Cops
Author
First Published Sep 22, 2023, 6:34 PM IST

ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയെ മതംമാറ്റാന്‍ നിര്‍ബന്ധിച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ 32കാരായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗില്‍ അഷ്റഫ് ബേയ്ഗ്  ‌(32) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായാണ് പരാതിക്കാരി. പരാതിക്കാരിയുമായി 2018 മുതല്‍ അടുപ്പത്തിലായിരുന്നു മോഗില്‍. ലിവിങ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, പിന്നീട് യുവാവിന്‍റെ മതത്തിലേക്ക് യുവതിയെ മതമാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവാഹ ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക ബന്ധത്തിന് യുവാവ് നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ഫോണിലൂടെ യുവാവിന്‍റെ സഹോദരന്‍ ഫോണില്‍ വിളിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു. 

പീഡനത്തിനിരയായെന്നും മതമാറ്റത്തിന് നിര്‍ബന്ധിക്കപ്പെട്ടതായും വെളിപ്പെടുത്തികൊണ്ട് യുവതി എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ 'ലൗജിഹാദി'നും പീഡനത്തിനും നിര്‍ബന്ധിത മതമാറ്റത്തിനം ഇരയായെന്നും തന്‍റെ ജീവന്‍ അപകടത്തിലാണെന്നും യുവതി എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പില്‍ ആരോപിച്ചു. ബെംഗളൂരുവില്‍ പോലീസ് സഹായം നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെതുടര‍ന്ന് ബെംഗളൂരുവിലെ ബെലന്ദൂര്‍ പോലീസ് സെപ്റ്റംബര്‍ ഏഴിനാണ് കേസെടുക്കുന്നത്. സംഭവം നടന്ന സ്ഥലം മറ്റൊരിടത്തിലായതിനാല്‍ ഹെബ്ബാഗൊഡി പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു.

സെപ്റ്റംബര്‍ 14ന് ഹെബ്ബാഗൊടി പോലീസ് പീഡനത്തിനും വഞ്ചനാക്കുറ്റത്തിനും കര്‍ണാടക മതപരിവര്‍ത്തന നിരോധ നിയമം ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തു. ഇതിനിടയില്‍ പ്രതി ശ്രീനഗറിലേക്ക് മടങ്ങിയിരുന്നു. ബുധനാഴ്ചയാണ് കര്‍ണാടക പോലീസ് ശ്രീനഗറിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച ബെംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ബെംഗളൂരു റൂറല്‍ പോലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദന്‍ഡി പറഞ്ഞു.

Follow Us:
Download App:
  • android
  • ios