Asianet News MalayalamAsianet News Malayalam

ബംഗളൂരു അക്രമം ആസൂത്രിതമെന്ന് പൊലീസ്; കൊല്ലാനും കൊള്ളിവയ്പ്പിനും ആഹ്വാനം ചെയ്തു, എഫ്ഐആറിൽ 17 പ്രതികൾ

കെജെ ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 9 എഫ്ഐആറുകളിലാണ് അക്രമം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറയുന്നത്. 800 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തിയാണ് പൊലീസ് സ്റ്റേഷനുകളും വീടും  ആക്രമിച്ചത്. 

bengaluru violence 17 people in fir
Author
Bengaluru, First Published Aug 13, 2020, 1:22 PM IST

ബംഗളൂരു: ബം​ഗളൂരു അക്രമം ആസൂത്രിതമെന്ന് എഫ്ഐആർ. അക്രമത്തിന് നേതൃത്വം നല്‍കിയ 17 പേരെ പ്രതിചേർത്ത് 9 എഫ്ഐആറുകളാണ് ബംഗളൂരു പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്

കെജെ ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 9 എഫ്ഐആറുകളിലാണ് അക്രമം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറയുന്നത്. 800 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തിയാണ് പൊലീസ് സ്റ്റേഷനുകളും വീടും  ആക്രമിച്ചത്. പൊലീസുകാരെയും എംഎല്‍എയുടെ ബന്ധു നവീനെയും കൊല്ലാന്‍ അക്രമികൾ ആക്രോശിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. എസ്ഡിപിഐ നേതാവ് മുസമ്മില്‍ പാഷാ മക്സൂദടക്കം 17 പേരെ അക്രമത്തിന് നേതൃത്വം നല്കിയെന്ന കുറ്റം ചുമത്തി പ്രതിചേർത്തിട്ടുണ്ട്. എന്നാല്‍ അക്രമം ആസൂത്രണം ചെയ്തത് ഏതെങ്കിലും സംഘടനയാണോയെന്ന് എഫ്ഐആറില്‍ പറയുന്നില്ല. സംഘർഷത്തിലേർപ്പെട്ട 147 പേരാണ് ഇതുവരെ അറസ്റ്റിലായത്. 

അതേസമയം അക്രമത്തിന് നേതൃത്വം നല്‍കിയത് എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കണമെന്നുമുള്ള ആവശ്യം ശക്തമാക്കുകയാണ് ബിജെപി. അക്രമം ആസൂത്രിതമാണെന്നതില്‍ സംശയമില്ലെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.

അക്രമത്തിനിടെ കൊല്ലപ്പെട്ട മൂന്നു യുവാക്കളുടെയും മരണകാരണം വെടിയേറ്റതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഇതില്‍ ഒരാൾക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. കൂടുതല്‍ സേനകളെ വിന്യസിച്ച് നഗരം കർശന ജാഗ്രതയിലാണ്.
 

Follow Us:
Download App:
  • android
  • ios