ബെംഗളൂരുവിൽ ബിഫാം വിദ്യാർത്ഥിനിയായ യാമിനി പ്രിയയെ പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ വിഗ്നേഷ് എന്നയാൾ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുൻപ് വിഗ്നേഷിനെതിരെ നൽകിയ ശല്യം ചെയ്യൽ പരാതി പൊലീസ് അവഗണിച്ചതായി ആരോപണമുണ്ട്.

ബെംഗളൂരു: ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി വിഗ്നേഷിനെ ശ്രീറാംപുര പൊലീസാണ് പിടികൂടിയത്. കൊല്ലപ്പെട്ട യാമിനി പ്രിയയെ വിഗ്നേഷ് പതിവായി ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി മാതാപിതാക്കൾ ആറ് മാസം മുൻപ് നൽകിയ പരാതി പൊലീസ് അവഗണിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരു മന്ത്രി മാളിന് പിന്നിലായി റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡിൽ വെച്ചാണ് ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയയെ വിഗ്നേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ രാവിലെ ഏഴ് മണിക്ക് പരീക്ഷക്കായാണ് യാമിനി പ്രിയ വീട്ടിൽ നിന്ന് പോയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ യാമിനി പ്രിയയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഗ്നേഷ് ആക്രമിച്ചുവെന്നാണ് വിവരം. തന്‍റെ പ്രണയം നിരസിച്ചതിന്‍റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യാമിനി പ്രിയയുടെ കഴുത്തിൽ വിഗ്നേഷ് ആവർത്തിച്ച് കുത്തിയെന്നാണ് പൊലീസിൻ്റെ എഫ്ഐആർ. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

അരുംകൊലയ്ക്ക് ശേഷം രക്ഷപ്പെട്ട വിഗ്നേഷിനെ സോളദേനഹള്ളി എന്ന സ്ഥലത്ത് വച്ച് ശ്രീറാംപുര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യാമിനിയുടെ വീടിന് സമീപം തന്നെയാണ് വിഗ്നേഷും താമസിച്ചിരുന്നത്. വിവാഹാഭ്യർത്ഥന നടത്തി വിഗ്നേഷ് പതിവായി യാമിനിയെ ശല്യപ്പെടുത്തിയിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏപ്രിൽ മാസത്തിൽ ശ്രീറാംപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രതിയെ വിളിച്ചു വരുത്തിയ പൊലീസ്, ഇനിയിത് ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങി വിഗ്നേഷിനെ വിട്ടയച്ചെന്നാണ് ആരോപണം. യാമിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.