വിഗ്നേഷിനെ താക്കീത് ചെയ്യണമെന്ന് യാമിനി സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഗ്നേഷിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ബെംഗളൂരു: 20കാരിയായ ബിഫാം വിദ്യാർത്ഥിനി അരുംകൊല ചെയ്യപ്പെട്ടത് പട്ടാപ്പകൽ. ഉച്ചയ്ക്ക് രണ്ടിന് ശേഷം നടന്ന കൊലപാതകത്തെ കുറിച്ച് 2.50നാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസെത്തിയപ്പോൾ കണ്ടത് കഴുത്തിലും മുഖത്തുമെല്ലാം നിരവധി മുറിവുകളുമായി രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിയാണ്. ബെംഗളൂരുവിലെ ശ്രീരാമപുര റെയിൽവേ ട്രാക്കിന് സമീപമാണ് വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. യാമിനി പ്രിയ എന്നാണ് കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ പേര്. ഹൊസകെരെഹള്ളിയിലുള്ള കോളജിലെ ബി.ഫാം വിദ്യാർത്ഥിനിയായിരുന്നു യാമിനി പ്രിയ. അക്രമി വിഗ്നേഷ് ഒളിവിലാണ്.
പരീക്ഷയായതിനാൽ രാവിലെ ഏഴ് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് യാമിനി. തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു പൊടുന്നനെയുള്ള ആക്രമണം. മാന്ത്രി മാളിന് അരികെ പിന്നിലൂടെ വന്ന വിഗ്നേഷ് യാമിനിയുടെ കഴുത്തറുത്ത് കടന്നുകളയുകയായിരുന്നു. പ്രദേശവാസികളാണ് ശ്രീരാമപുര പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
വിഗ്നേഷിനെതിരെ വേറെയും കേസുകൾ
പ്രിയയും വിഗ്നേഷും തമ്മിൽ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നും പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം അകലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബന്ധം തുടരാനാവില്ലെന്ന് യാമിനി പറഞ്ഞിട്ടും വിഗ്നേഷ് വീട്ടിലേക്കും കോളജിലേക്കുമുള്ള വഴിയിൽ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നു എന്നാണ് വിവരം. വിഗ്നേഷിനെ താക്കീത് ചെയ്യണമെന്ന് യാമിനി ശ്രീരാമപുര സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഗ്നേഷിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. നേരത്തെ മറ്റൊരു കേസിൽ വിഗ്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് കാലത്ത് പൊലീസെന്ന വ്യാജേന സാധാരണക്കാരിൽ നിന്ന് പണം കൈപ്പറ്റിയതിനായിരുന്നു അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.


