ഫ്ലാറ്റില്‍ അഭിഷേക് ഉണ്ടെന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഉദ്യോഗസ്ഥർ എത്തി വാതിലിൽ മുട്ടിയപ്പോൾ ഇയാൾ വാതിൽ തുറക്കാൻ വിസമ്മതിച്ചു.

അഹമ്മദാബാദ്: പൊലീസ് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ അഞ്ചാം നിലയിൽ കയറി താഴേക്ക് ചാടുമെന്ന് പിടികിട്ടാപ്പുള്ളിയുടെ ഭീഷണി. ​ഗുജറാത്തിലെ അ​ഹമ്മദാബാദിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഏറെ പണിപ്പെട്ട് താഴെയിറക്കിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 'ഷൂട്ടർ' എന്നറിയപ്പെടുന്ന അഭിഷേക് എന്ന പ്രതിയാണ് പൊലീസിന് ഏറെ നേരം തലവേദനയുണ്ടാക്കിയത്. പൊലീസിന് മുന്നിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന് ഇയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഉപദ്രവിക്കില്ലെന്ന് പൊലീസ് ആവർത്തിച്ച് ഉറപ്പ് നൽകിയിട്ടും ഇയാൾ അവിടെ തുടർന്നു. 

ശിവം ആവാസിലെ വീട്ടില്‍ അഭിഷേക് ഉണ്ടെന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഉദ്യോഗസ്ഥർ എത്തി വാതിലിൽ മുട്ടിയപ്പോൾ ഇയാൾ വാതിൽ തുറക്കാൻ വിസമ്മതിച്ചു. പകരം, അടുക്കള ജനാലയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീതി കുറഞ്ഞ സൺഷേഡിൽ കുടുങ്ങി എങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലായി. ഈ സമയം താഴെ ജനം തടിച്ചുകൂടി. ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ അടിയന്തര പ്രതികരണ സേനാംഗങ്ങളെയും അഗ്നിശമന സേനാംഗങ്ങളെയും വിളിച്ചുവരുത്തി. 

നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ പ്രതിയെ സുരക്ഷിതമായി താഴെയെത്തിച്ച് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ക്രിമിനൽ ബന്ധങ്ങൾ അന്വേഷിക്കാൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നിലധികം കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അഭിഷേകെന്നും വളരെക്കാലമായി അയാൾ അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Scroll to load tweet…