ഇടവേളക്ക് ശേഷം ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിന് വീണ്ടും തുടങ്ങുമെന്നും എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ദില്ലി:.ഭാരത് ജോഡോ യാത്ര രാഷ്ടീയ എതിരാളികളെ ഭയപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.എന്തൊക്കെ തടസ്സങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിച്ചാലും മുൻപോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് സ്ഥാപക ദിനത്തില്‍ ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് അദ്ദേഹം പതാക ഉയർത്തി. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി കോണ്‍ഗ്രസ് നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭയാന് സംസ്ഥാന നിരീക്ഷകരെ നിയോഗിച്ചു. തമിഴ്നാട് മുന്‍ പിസിസി അധ്യക്ഷന്‍ തിരുനാവുക്കരസര്‍ക്കാണ് കേരളത്തിന്‍റെ ചുമതല. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തമിഴ് നാട്ടിലെ നിരീക്ഷകന്‍. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുകള്‍ തോറും എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭയാന്‍

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയുമായി സംവദിക്കുന്നവരെ ഇന്‍റലിജന്‍സ് ചോദ്യം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്.

ഭാരത് ജോഡോ യാത്ര കണ്ടെയ്നറില്‍ മുന്നറിയിപ്പില്ലാതെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിയുമായി ആശയ വിനിമയം നടത്തിയവരെ തെരഞ്ഞു പിടിച്ച് ഇന്‍റലിജന്‍സ് ചോദ്യം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷപം. കര്‍ഷക സംഘടന പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിമുക്തഭടന്മാര്‍ തുടങ്ങി പല മേഖലകളിലുള്ളവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നു. രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത്,രാഹുലിന് നല്‍കിയ നിവേദനത്തിന്‍റെ ഉള്ളടക്കമെന്ത് തുടങ്ങിയ കാര്യങ്ങളാണ് അറിയാന്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് പറഞ്ഞു. 

ജോഡോ യാത്ര ദില്ലിയിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെയ്നറില്‍ പരിശോധന നടത്തിയത്.രാഹുല്‍ ഗാന്ധിയുടെ യാത്രാ പദ്ധതിയടക്കം ആസൂത്രണം ചെയ്യുന്ന സംഘം തങ്ങുന്ന കണ്ടെയ്നറില്‍ പരിശോധിച്ചവരെ പിടികൂടി പോലീസിന് കൈമാറി കഴിഞ്ഞാണ് അവര്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരാണെന്ന് മനസിലാകുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.