ദില്ലി: ഇരുപത്തി ആറാമത് വ്യോമസേന മേധാവിയായി രാകേഷ് കുമാർ സിം​ഗ് ഭദൗരിയ ചുമതലയേറ്റു. ബിഎസ് ധനോവ വിരമിച്ചതിന് പിന്നാലെയാണ് ആർകെഎസ് ഭദൗരിയ ചുമതലയേറ്റത്. നിലവിൽ വ്യോമസേന ഉപമേധാവിയായിരുന്നു ഭദൗരിയ.

1980 ൽ നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെ ഭദൗരിയ സേനയിലെത്തി. തദ്ദേശീയ പോർവിമാനമായ തേജസ്സിന്റെ പരീക്ഷണപ്പറക്കലുകളിൽ പൈലറ്റായി ഒപ്പമുണ്ടായിരുന്നു. ജാഗ്വർ ഫൈറ്റർ സ്ക്വാഡ്രന്റെ തലവൻ, മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ എയർ അറ്റാഷേ, സതേൺ എയർ കമാൻഡിന്റെ കമാൻഡിങ് ഇൻ ചീഫ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ആ​ഗ്ര സ്വ​ദേ​ശി​യാ​യ  ഭദൗരിയ പ​ര​മ​വി​ശി​ഷ്ട സേ​വാ​മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്. ര​ണ്ടു വ​ര്‍​ഷം സേ​വ​ന​കാ​ലാ​വ​ധി​യോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം സേ​നാ​മേ​ധാ​വി​യാ​കു​ന്ന​ത്.

വിരമിക്കുന്നതിന് മുന്നോടിയായി ബിഎസ് ധനോവ ദില്ലി യുദ്ധസ്മാരകത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 2016ലാണ് ബിഎസ് ധനോവ വ്യോമസേന മേധാവിയായി ചുമതലയേൽക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പ്രതികരണമായി ബാലാക്കോട്ടിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പുകൾ വ്യോമസേന തക‍ർത്തത് ബിഎസ് ധനോവയുടെ കാലത്താണ്.