ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാൻ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ അഭ്യർത്ഥിച്ചിരുന്നു. ദില്ലിക്ക് പുറത്ത് ആംആദ്മി അധികാരത്തിൽ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്
അമൃത്സർ: പഞ്ചാബിൽ (Punjab) പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് ഇന്ന് ഭഗവന്ത് മാൻ (Bhagwant Mann) സർക്കാർ അധികാരമേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ ആളുകൾ ഭഗവത് മന്നിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പത് ഏക്കറിലാണ് സത്യ പ്രതിജ്ഞ ചടങ്ങുകൾക്ക് ഉള്ള പന്തൽ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാൻ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ അഭ്യർത്ഥിച്ചിരുന്നു. ദില്ലിക്ക് പുറത്ത് ആംആദ്മി അധികാരത്തിൽ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. ധീരരക്തസാക്ഷി ഭഗത് സിംഗിന്‍റെ ജന്മഗ്രാമത്തിൽ വച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവൻ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം നിരവധി പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ ആം ആദ്മി സർക്കാരിന്‍റെ (Aam Aadmi Government) സത്യപ്രതിജ്ഞ (Oath Ceremony) ആഘോഷമാകും. കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞസാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ നടപടി. പൊതുപരിപാടികൾക്കുള്ള വിലക്ക് അടക്കമുള്ളവയും നീക്കി. അതേസമയം കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ തുടരുണമെന്നും ഉത്തരവിൽ പറയുന്നു.
സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കാൻ ആം ആദ്മി: പഞ്ചാബിൽ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കി
സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബിലെ ഖത്കർ കലാൻ ഗ്രാമത്തിൽ നടക്കുന്നത്. പരിപാടിക്ക് വൻ ജനാവലിയെത്തുമെന്ന കണക്കുകൂട്ടലിൽ വേദിയും സദസും പാർക്കിംഗ് സൗകര്യങ്ങളുമെല്ലാം അതിവേഗം ഒരുക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിനായി 150 ഏക്കർ ഗോതമ്പ് പാടം താത്കാലികമായി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഏക്കർ ഒന്നിന് 45000 രൂപ കർഷകർക്ക് നഷ്ടപരിഹാരം നൽകിയാണ് ഇത്രയും ഭൂമി താത്കാലികമായി ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും ഏക്കറിലെ ഗോതമ്പ് കൃഷി ഇതിനോടകം നശിപ്പിച്ചെന്നും ഷഹീദ് ഇ അസം ഭഗത് സിംഗ് രക്തസാക്ഷി സ്മാരകത്തിൻ്റേയും മ്യൂസിയത്തിൻ്റേയും അതിർത്തി ഭിത്തിയുടെ ഭാഗങ്ങൾ പൊളിച്ച് നീക്കിയെന്നുമാണ് വിവരം.
രണ്ട് ലക്ഷം പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ഖത്കർ കാൽ ഗ്രാമത്തിൽ ഇപ്പോൾ നടത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ചീഫ് സെക്രട്ടറിയടക്കം ഉന്നതഉദ്യോഗസ്ഥർ സത്യപ്രതിജ്ഞാ ചടങ്ങ് വിജയമാക്കാൻ ഗ്രാമത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. ആയിരങ്ങളെ ഉൾക്കൊള്ളാവുന്ന തരത്തിൽ കൂറ്റൻ പന്തലും പാർക്കിംഗ് സ്ഥലവും നിർമ്മിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വികെ ഭാവ്‌ര, മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ എ വേണു പ്രസാദ് എന്നിവരാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാർക്കിംഗ്, പൊതുജനങ്ങൾക്കുള്ള ഭക്ഷണം, വെള്ളം, സ്റ്റേജ്, വൈദ്യുതി വിതരണം, ശുചീകരണം, ആരോഗ്യം, ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ എല്ലാ സജ്ജമാക്കി സത്യപ്രതിജ്ഞ വിജയിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഉദ്യോഗസ്ഥർ.
10 മന്ത്രിമാരെ തീരുമാനിച്ച് ആപ്പ്
മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് നേരത്തെ എ എ പി അറിയിച്ചിരുന്നത്. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. ഹർപാൽ സിങ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
10 മന്ത്രിമാരെ തീരുമാനിച്ച് ആപ്പ്; വനിതകൾക്ക് പ്രാതിനിധ്യം കൂടും
