Asianet News MalayalamAsianet News Malayalam

പ്രതിഷേധവുമായി ബിജെപിക്കാര്‍, ബസ് നിര്‍ത്തി ഇറങ്ങി രാഹുൽ ഗാന്ധി; വൻ ഹീറോയിസം, ഫ്ലൈയിങ് കിസ് കൊടുത്ത് മടക്കം

രാഹുലിന്‍റെ ബസിന് അരികെ എത്തിയ ബിജെപി പ്രവർത്തകർക്ക് ഇടയിലേക്ക് രാഹുല്‍ ഇറങ്ങിച്ചെന്നതാണ് നാടകീയ കാഴ്ചകള്‍ക്ക് ഇടയാക്കിയത്.

Bharat Jodo Nyay Yatra Rahul Gandhi gets off bus to meet BJP workers nbu
Author
First Published Jan 21, 2024, 7:59 PM IST

ദില്ലി: അസമിലെ ഭാരത് ജോഡ‍ോ ന്യായ് യാത്രക്കിടെ വീണ്ടും സംഘ‌ർഷം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി  ജയ്റാം രമേശിൻ്റെ വാഹനം ബിജെപി പ്രവ‍ർത്തകർ തടഞ്ഞു. കൊടികളുമായി എത്തിയ ബിജെപി പ്രവ‍ർത്തകർക്ക് ഇടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിയത് നാടകീയ കാഴ്ചകള്‍ക്ക് ഇടയാക്കി. സംഘര്‍ഷ സാഹചര്യത്തിന് വഴിവെക്കുമെന്ന ആശങ്ക കനത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് രാഹുലിനെ വാഹനത്തിലേക്ക് വീണ്ടും കയറ്റിയത്. ഒടുവില്‍ പ്രവ‍ർത്തകർക്ക് ഫ്ലൈയിങ് കിസ് കൊടുത്ത് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മടക്കം.

രാഹുല്‍ ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് സംഘർഷം. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ ചില്ലുകള്‍ ബിജെപി പ്രവർത്തകർ തകർത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ ഇന്ന് വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കൊടികളുമായി എത്തിയ ബിജെപി പ്രവർത്തക‍ർ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ജയ്റാം രമേശിന്‍റെ കാർ തടഞ്ഞു. വാഹനത്തിലെ ചില്ലില്‍ ഉണ്ടായ ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ ബിജെപി പ്രവർത്തകർ കീറിയെന്നും വെള്ളം ഒഴിച്ചുവെന്നും ജയ്റാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ സാമൂഹിക  മാധ്യമസംഘത്തിന് നേരെയും കൈയ്യേറ്റമുണ്ടായി. ബിജെപി പ്രവർത്തർ സ്ത്രീകള്‍ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചുവെന്നും ക്യാമറ തട്ടിയെടുത്തുവെന്നും വക്താവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു. 

ഇതിനിടെയാണ് രാഹുലിന്‍റെ ബസിന് അരികെ എത്തിയ ബിജെപി പ്രവർത്തകർക്ക് ഇടയിലേക്ക് രാഹുല്‍ ഇറങ്ങിച്ചെന്നത്. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഇറങ്ങിയ രാഹുലിനെ സുരക്ഷ ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് തിരികെ ബസില്‍ കയറ്റുകയായിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര കണ്ട് ഉള്ള ഭയമാണ് അക്രമത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത പാർട്ടിയാണ് കോണ്‍ഗ്രസെന്നും ഖർഗെ പറഞ്ഞു. ജനുവരി 25 വരെയാണ് അസമില്‍ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരാനായ മുഖ്യമന്ത്രിയാണ് ഹിമന്ദയെന്ന പ്രചരാണമാണ് സംസ്ഥാനത്ത് രാഹുലും കോണ്‍ഗ്രസും നടത്തുന്നത്. നാളെ രാഹുല്‍ ഗാന്ധി നടക്കാനിരിക്കുന്ന പ്രസ് ക്ലബ്ബിലെ വാർത്തസമ്മേളനത്തിനും സംസ്ഥാന സർക്കാർ അനുമതി നല്‍കിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios