ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ 6 മണിക്കാണ് ദില്ലിയിലെ യാത്രക്ക് തുടക്കമായത്. എന്നാല്‍  മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര.

ദില്ലി: കൊവിഡ് നിയന്ത്രണങ്ങൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ 6 മണിക്കാണ് ദില്ലിയിലെ യാത്രക്ക് തുടക്കമായത്. എന്നാല്‍ മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര.

രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.

പൊതുവായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. അതേസമയം കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയാണ് കേന്ദ്രം. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കാൻ കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാകും. നിലവില്‍ വിമാന സർവ്വീസുകൾ നിയന്ത്രിക്കേണ്ട കാര്യമില്ല എന്നാണ് വിലയിരുത്തൽ. 

YouTube video player