ദില്ലി: വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാന ചെയ്ത ഭാരത് ബന്ദ് തുടങ്ങി, വൈകിട്ട് മൂന്ന് മണിവരെയാണ് ബന്ദ്. ബന്ദിന് ഐക്യദാർഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ദില്ലിയുടെ അതിർത്തികളിലേക്കെത്തി.13 ദിവസമായി തുടരുന്ന കർഷക സമരങ്ങളുടെ പിന്നാലെയാണ് ഭാരത് ബന്ദ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സർവീസുകൾ തടസപ്പെടുത്തില്ലെന്നാണ് കർഷക സംഘടനകൾ നൽകിയിരിക്കുന്ന ഉറപ്പ്. 

പതിനെട്ട് പ്രതിപക്ഷ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.  രാവിലെ 11 മണി മുതൽ 3 മണിവരെ ചക്കാ ജാം ‘chakka jam’ എന്ന പേരിൽ റോഡ് ഗതാഗതം തടസപ്പെടുത്തുമെന്നായിരുന്നു കർഷകരുടെ പ്രഖ്യാപനം. 

​ഗുജറാത്തിൽ മൂന്ന് ദേശീയ പാതകളിൽ പ്രതിഷേധക്കാ‌ർ ​ഗതാ​ഗതം തടസപ്പെടുത്തി. വഡോദരയിലും അഹമ്മദാബാദിലും പ്രതിഷേധക്കാ‌‌‌ർ ​ഗതാ​​ഗതം തടസപ്പെടുത്തി. മഹാരാഷ്ട്രയിലും ബിഹാറിലും പശ്ചിമബം​ഗാളിലും പ്രതിഷേധക്കാ‌ർ ട്രെയിൻ തടഞ്ഞു. പഞ്ചാബിൽ ഭൂരിഭാ​ഗം കടകളും അടഞ്ഞ് കിടക്കുകയാണ്. 

ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് പ്രതിഷേധക്കാ‌ർ നൽകുന്നത്.