ജയ്പൂ‍ർ: രാജസ്ഥാനിലെ രാഷ്ടീയ പ്രതിസന്ധി തുടരുന്നു. ഭാരതീയ ട്രൈബൽ പാർട്ടി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് അശോക് ഗെലോട്ട് ക്യാംപിന് ആശ്വാസമായി. രണ്ട് എംഎൽഎമാർ ആണ് ബിടിപിക്ക് നിയമസഭയിൽ ഉള്ളത്. അശോക് ഗെലോട്ട് ഇന്ന് രാജ്ഭവനിൽ എത്തി ഗവർണ്ണറുമായി വീണ്ടും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

നാൽപ്പത്തിയഞ്ച് മിനിറ്റ് നീണ്ട കൂടിക്കാഴ്ച്ചയാണ് നടത്തിയത്. സര്‍ക്കാരിനെ താഴെയിറക്കാൻ നടന്ന ഗൂഡാലോചനയെ കുറിച്ചുള്ള രാജസ്ഥാൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവതിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാര് ഫോൺ ചോര്‍ത്തിയെന്ന ആരോപണം ഉന്നയിച്ച ബി.ജെ.പി സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങൾ വില നൽകേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നായിരുന്നു മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പ്രതികരണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി തുറന്നടിച്ചു.