ദില്ലി: ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 12.30-ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ബീഹാറിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. 

 243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും അതിൻ്റെ ഫലവും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ സ്വാധീനമായിരിക്കും സൃഷ്ടിക്കുക. ബിജെപിക്കും കോൺ​ഗ്രസിനും ബീഹാ‍‍ർ തെരഞ്ഞെടുപ്പ് ശക്തി തെളിയിക്കാനുള്ള അവസരമാണെങ്കിൽ ജെഡിയുവിനും ആ‍ർജെഡിക്കും ഇതു നി‍ലനിൽപ്പിൻ്റെ കൂടി പോരാട്ടമാണ്. 

2015-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആ‍ർജെഡി 80 സീറ്റും ജെഡിയു 71 സീറ്റും നേടിയിരുന്നു. ബി.ജെ.പി 53 സീറ്റുകളും കോണ്‍ഗ്രസ് 27 സീറ്റുകളും നേടി. മറ്റു ചെറുപാ‍ർട്ടികൾ ചേ‍ർന്ന് 12 സീറ്റുകളും നേടി. 2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള നാൽപ്പത് സീറ്റിൽ 17ഉം ബിജെപിയാണ് നേടിയത്. ജെഡിയു 16 സീറ്റുകളും എൽജെപി ആറ് സീറ്റുകളും കോൺ​ഗ്രസ് ഒരു സീറ്റും നേടിയിട്ടുണ്ട്.