ദില്ലി: വടക്കു കിഴക്കൻ ദില്ലിയിലെ സംഘർഷം രൂക്ഷമായതോടെ സ്വമേധയാ ഇടപെടണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്‍റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ പരിപാടികള്‍ റദ്ദാക്കി ദില്ലിയിലേക്ക് തിരിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു. 

ദില്ലിയിലെ അവസ്ഥ അതിരൂക്ഷമാണ്. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത്. സുപ്രീം കോടതി സംഘര്‍ഷ വിഷയത്തില്‍ സ്വമേധയാ ഇടപെടണം. ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതിയോട് അപേക്ഷിക്കുന്നു. ഞാനുള്ളത് കര്‍ണാടകയിലാണ്. എല്ലാ പരിപാടികളും റദ്ദാക്കി  ദില്ലിയിലേക്ക് തിരിക്കുകയാണ് എന്നും ചന്ദ്രശേഖര്‍ ട്വീറ്റില്‍ വിശദമാക്കുന്നു.

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടാണ്  വടക്കുകിഴക്കന്‍ ദില്ലിയില്‍ സംഘർഷമുണ്ടായത്. നിയമ ഭേദഗതിയെ എതിർക്കുന്നവരും അനൂകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കാന്‍ കൂടുതൽ സേന സ്ഥലത്തുണ്ട്. മൗജ്പൂരിൽ പൊലീസ് ഫ്ലാഗ് മാർച്ച്‌ നടത്തി. പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നും പേര് ചോദിച്ചാണ് മർദ്ദനം എന്ന് ആക്രമണത്തിന് ഇരയായവർ പരാതിപ്പെട്ടിരുന്നു .