Asianet News MalayalamAsianet News Malayalam

ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു; പ്രഖ്യാപനം മാര്‍ച്ച് 15ന്, നെഞ്ചിടിപ്പോടെ ബിഎസ്‍പി

ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതോടെ മായാവതിയുടെ ബിഎസ്‍പി അങ്കലാപ്പിലായി. മുന്‍ എംഎല്‍എമാരും എംപിമാരുമടക്കമുള്ള ബിഎസ്‍പി നേതാക്കള്‍ ഭീം ആര്‍മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Bhim Army leader Chandrashekhar to launch political party on March 15
Author
Lucknow, First Published Mar 3, 2020, 7:50 PM IST

ലഖ്‌നൗ: ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലുള്ള ദലിത് സംഘടന ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്‍റെ ജന്മദിനമായ മാര്‍ച്ച് 15ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ആഗ്രയില്‍ നടന്ന യോഗത്തിലാണ് ആസാദ് പാര്‍ട്ടി പ്രഖ്യാപന സൂചന നല്‍കിയത്.

ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനുമായി രൂപീകരിച്ച സംഘടന രാഷ്ട്രീയ പാര്‍ട്ടിയാകുകയാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ സമയമാണ് സിഎഎ എന്ന ഭരണഘടന വിരുദ്ധ നിയമം നടപ്പാക്കിയത്. പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രധാനം-ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം തന്‍റെ ആഗ്രഹമായിരുന്നില്ലെന്നും പക്ഷേ സാഹചര്യങ്ങല്‍ നിര്‍ബന്ധിക്കുകയായരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതോടെ മായാവതിയുടെ ബിഎസ്‍പി അങ്കലാപ്പിലായി. മുന്‍ എംഎല്‍എമാരും എംപിമാരുമടക്കമുള്ള ബിഎസ്‍പി നേതാക്കള്‍ ഭീം ആര്‍മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുന്‍ ബിഎസ്പി നേതാക്കളുമായി ആസാദ് കൂട്ടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. യോഗത്തില്‍ മായാവതിയെ ആസാദ് രൂക്ഷമായി വിമര്‍ശിച്ചു. ഒരുകാലത്ത് കിരീടം വെക്കാത്ത ദലിത് നേതാവായിരുന്നു മായാവതി. എന്നാല്‍, പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹത്താല്‍ അവര്‍ ശത്രുക്കളുമായി കൂട്ടുകൂടി. സ്വാധീനം കുറയുന്നതിനാല്‍ സഹായികളെല്ലാം മായാവതിയെ ഉപേക്ഷിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. യുപിയിലെ മുസ്ലിം ജനവിഭാഗത്തിന്‍റെ ശക്തമായ പിന്തുണ ചന്ദ്രശേഖര്‍ ആസാദിന് ലഭിക്കുമെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios