Asianet News MalayalamAsianet News Malayalam

'ഇടതുകണ്ണിന് കാഴ്ച നഷ്ടമായ പോലെ', ജയിലിൽ പ്രൊഫ. ഹാനി ബാബുവിന് നരക ജീവിതമെന്ന് ഭാര്യ

ഭീമ കൊറേഗാവ് കേസിൽ പ്രതിയാക്കപ്പെട്ട് മുംബൈയിലെ തലോജാ ജയിലിൽ കഴിയുന്ന പ്രൊഫസർ ഹാനി ബാബുവിന് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ഭാര്യയും ദില്ലി മിറാൻഡ കോളേജ് അധ്യാപികയുമായ പ്രൊഫ. ജെനി റൊവേന പറയുന്നു. 

bhima koregaon case hani babu facing severe health issues says wife jenny rovena
Author
New Delhi, First Published May 12, 2021, 3:57 PM IST

ദില്ലി: ഭീമാ കോറൊഗാവ് കേസിൽ ജയിലിൽ കഴിയുന്ന മലയാളി സാമൂഹികപ്രവ‍ർത്തകനും ദില്ലി സർവകലാശാലാ അധ്യാപകനുമായ ഹാനി ബാബുവിന് ചികിത്സ നിഷേധിക്കുന്നതായി പരാതി. കണ്ണിൽ അണുബാധയുള്ള ഹാനിബാബുവിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് ഭാര്യയും അദ്ധ്യാപികയുമായ പ്രൊഫ. ജെന്നി റൊവീന ആവശ്യപ്പെട്ടു. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ഗൗതം നവലാഖയ്ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ച നടപടിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.

കഴിഞ്ഞ വർഷം ജൂലായ് മുതൽ വിചാരണ തടവുകാരനായി മുംബൈയിലെ തലോജാ ജയിലിൽ കഴിയുകയാണ് ഹാനി ബാബു. മേയ് മൂന്നു മുതൽ ഇടത് കണ്ണിന് തീവ്ര അണുബാധയുണ്ടെന്നാണ് കുടുംബം പറയുന്നത്. അതിയായ വേദന മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല. ജയിലിലെ ജലക്ഷാമം കാരണം കണ്ണ് വ്യത്തിയാക്കാൻ കഴിയുന്നില്ലെന്നും കുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഒരു പ്രാവശ്യം ഡോക്ടറെ കാണിച്ച ശേഷം തുടർചികിത്സയില്ല. ഒപ്പം പോകാൻ ഉദ്യോഗസ്ഥർ ഇല്ലെന്ന കാരണം പറഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകാത്തത്. കണ്ണിന്റെ കാഴ്ച മങ്ങിയ നിലയിലാണെന്നും ഹാനി ബാബുവിന്റെ ഭാര്യയും ദില്ലി മിറാൻഡ കോളെജ് അദ്ധ്യാപികയുമായ ഭാര്യ ജെനി റൊവീനയും സഹോദരൻമാരും പറയുന്നു.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഗൗതം നവലാഖയ്ക്ക് ജാമ്യം നിഷേധിച്ച ബോംബൈ ഹൈക്കോടതി നടപടി ചോദ്യം ചയ്ത് നല്കിയ ഹർജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios