ദില്ലി: മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് കവി വരവരറാവുവിനെതിരായ ഡിജിറ്റൽ തെളിവുകളും കെട്ടിച്ചമച്ചതെന്ന് കുടുബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണ ഏജൻസികൾ തെളിവുകൾ കൈമാറിയാൽ ശാസ്ത്രീയ പരിശോധനയിലൂടെ സത്യം പുറത്ത് കൊണ്ടുവരുമെന്ന് സഹോദരീ പുത്രൻ വേണുഗോപാൽ പറഞ്ഞു. കേസിൽ അറസ്റ്റിലായ  പൊതുപ്രവർത്തകൻ റോണ വിൽസന്‍റിനെതിരായ ഡിജിറ്റൽ തെളിവുകൾ ഹാക്കിംഗിലൂടെ സൃഷ്ടിച്ചതാണെന്ന് സൈബർ വിദഗ്ദർ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ പ്രതികരണം.

സംഘർഷവുമായി ബന്ധപ്പെട്ട തെളിവുകളിൽ പ്രധാനമാണ് പൊതുപ്രവർത്തകൻ റോണാ വിൽസന്‍റിന്‍റെയും കവി വരവര റാവുവിന്‍റെയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ. നരേന്ദ്രമോദിയെ വധിക്കാനും സർക്കാരിനെ അട്ടിമറിക്കാനും ശ്രമിച്ചെന്ന് വാദിക്കാൻ പദ്ധതിയിട്ടെന്നാണ് റോണായുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയ രേഖകൾ നിരത്തി ആദ്യം പൊലീസും പിന്നെ എൻഐഎയും വാദിച്ചത്. ഈ  ലാപ്ടോപിന്റെ ഇലക്ട്രോണിക് കോപ്പിയാണ് ആർസനൽ കൺസൽട്ടിങ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫൊറൻസിക് സ്ഥാപനം പരിശോധിച്ചത്. 
റോണായുടെ അഭിഭാഷകന്‍റെ അഭ്യർഥന പ്രകാരമായിരുന്നു പരിശോധന. 

സംഘർഷം നടക്കുന്നതിന് രണ്ട് വർഷം മുൻപാണ് റോണയുടെ കമ്പ്യൂട്ടറിൽ ഹാക്കിംഗ് നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  10ലേറെ ഡോക്യുമെന്‍റുകൾ ലാപ്ടോപ്പിൽ ഹാക്കിംഗിലൂടെ സ്ഥാപിച്ചു.  എന്നാൽ, സൈബർ ആക്രമണം നടത്തിയത് ആരെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.  22 മാസത്തോളം ലാപ്ടോപ് മാൽവെയറിന്റെ നിയന്ത്രണത്തിലായിരുന്നു. സത്യം ഇതുപോലെ പുറത്ത് വരുന്നത് തടയാനാണ് തെളിവുകൾ അന്വേഷണ ഏജൻസികൾ കൈമാറാത്തതെന്ന് കേസിൽ അറസ്റ്റിലുള്ള കവി വരവര റാവുവിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നു.

മാവോയിസ്റ്റ് നോതാവ് ഗണപതിയുമായി വരവര റാവു ആശയ വിനിമയം നടത്തിയെന്നാണ് എൻഐഎ ലാപ്ടോപ് വിവരങ്ങൾ നിരത്തി പറയുന്നത്.  അതേസമയം ആക്രമണങ്ങളുടെ മറുവശത്തുള്ള തീവ്ര ഹിന്ദുത്വ വാദികളായ മിലിന്ദ് ഏക്ബോത്തെ സാംമ്പാജി ബിഡെ എന്നിവർക്കെതിരെ കാര്യമായ നടപടിയൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.