ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പോലും കൂട്ടാക്കാതെ കാറിലാണ് വിശ്രമിക്കുന്നത്. ഒന്നോ രണ്ടോ ദിവസമല്ല, ആഴ്ചകളായി ഇവരിങ്ങനെയാണ്.

ഭോപ്പാല്‍: കൊവിഡ് 19 അതിവേഗം പടരുമ്പോള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഡോക്ടർമാർ. ഇവരില്‍ രണ്ടുപേർ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പോലും കൂട്ടാക്കാതെ കാറില്‍ത്തന്നെ വിശ്രമിക്കുന്നു. ഒന്നോ രണ്ടോ ദിവസമല്ല, ആഴ്ചകളായി ഇവരിങ്ങനെയാണ്. വിശ്വസിക്കാനാവുന്നില്ലല്ലേ...മധ്യപ്രദേശിലെ രണ്ട് ഡോക്ടർമാരുടെ ജീവിതമാണിത്. 

ഭോപ്പാലിലെ ജെപി ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. സച്ചിന്‍ നായക് ആണ് ഇവരിലൊരാള്‍. രോഗം വീട്ടുകാരിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് സച്ചിന്‍ നായക്കിന് കാറിലെ ജീവിതം. തിരക്കേറിയ ജോലി കഴിഞ്ഞെത്തിയാല്‍ പുസ്തകങ്ങളുമായി കാറില്‍ ഒറ്റയിരിപ്പാണ്. സച്ചിന്‍ നായക്ക് ഇതിനകം ട്വിറ്ററില്‍ ഹീറോയായിക്കഴിഞ്ഞു. ഇദേഹത്തെ പ്രശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൌഹാനും രംഗത്തെത്തി. 

Scroll to load tweet…

ഇതേ രീതിയില്‍ ജീവിതവും വിശ്രമവും ക്രമപ്പെടുത്തിയിരിക്കുകയാണ് ഡോ. സച്ചിന്‍ പടിതറും. വീട്ടിലുള്ള പ്രായമുള്ള ആളുകളുടെ സുരക്ഷയെ കരുതിയാണ് സച്ചിന്‍ പടിതാർ മാർച്ച് 31 മുതല്‍ കാറില്‍ ചിലവഴിക്കുന്നത്. കാറിന്‍റെ പിന്‍സീറ്റ് കിടക്കയാക്കി മാറ്റിയാണ് ഇരുവരുടെയും ഉറക്കം. കൊവിഡ് കാലത്ത് ഹീറോ എന്നല്ലാതെ ഇവരെ എന്ത് വിളിക്കും. 

ഇന്ത്യയില്‍ കൊവിഡ് 19 ബാധിത സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതുവരെ 397 രോഗികളും 26 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് 56 പേർക്ക് രോഗം സ്ഥിരീകരിച്ചു. 25 പേരാണ് ഇതുവരെ സുഖംപ്രാപിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക