ശ്രീനഗര്‍:  പുനഃസംഘടനക്ക് പിന്നാലെ കശ്മീര്‍ മേഖലയിൽ തുടരുന്ന സ്തംഭനാവസ്ഥ ജമ്മുകശ്മീരിലെ ആപ്പിൾ വിപണിയിൽ ഉണ്ടാക്കുന്നത് കോടികളുടെ നഷ്ടമാണ്. ആപ്പിൾ കര്‍ഷകരും മൊത്ത വ്യാപാരികളും ഒരുപോലെ പ്രതിസന്ധിയിലാണ്.

നിയന്ത്രണങ്ങളും ആപ്പിൾ കയറ്റിപോകുന്ന ലോറികൾക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കശ്മീരിലെ ആപ്പിൾ വിപണിയിൽ വലിയ ആഘാതം ഉണ്ടാകുന്നത്. ആപ്പിൾ  കശ്മീരിൽ നിന്ന് ജമ്മുവിൽ എത്തിച്ചാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കുമൊക്കെ അയക്കുന്നത്. തീവ്രവാദി ആക്രമണത്തിൽ ആപ്പിൾ ലോറിയുടെ ഡ്രൈവര്‍ കൊല്ലപ്പെട്ടതോടെ കശ്മീരിലേക്ക് പോകാൻ ഡ്രൈവര്‍മാര്‍ ഭയപ്പെടുന്നു.  ഇതോടെ, സമയത്തിന് ആപ്പിൾ വിപണിയിൽ എത്തിക്കാൻ കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും കഴിയുന്നില്ല.

ഇപ്പോൾ സൈന്യത്തിന്‍റെ വാഹന വ്യൂഹത്തിനൊപ്പം മാത്രമാണ് ആപ്പിൾ ലോറികൾ കടത്തിവിടുന്നത്. ഇതിലെ കാലതാമസം മൂലം ആപ്പിൾ കേടാവുകയും ചെയ്യുന്നു.ആപ്പിളിന്‍റെ നിലവാരത്തെയും വിലയെയും ഇത്  ബാധിച്ചു. 100 രൂപയിൽ നിന്ന് 30 രൂപയായി വില കുറഞ്ഞു.

രുചിയും പ്രത്യേക മണവും ഉള്ള കശ്മീരി ആപ്പിളുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാന്‍റാണ്. എന്നാൽ നാല്പത് ശതമാനത്തിന്‍റെയെങ്കിലും കുറവാണ് ആപ്പിൾ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ ആപ്പിളാണ് കശ്മീരിൽ ഉല്പാദിപ്പിക്കുന്നത്. ജമ്മുകശ്മീരിന്‍റെ ആഭ്യന്തര ഉല്പാദനത്തിലെ 20 ശതമാനം വരുന്നത് ആപ്പിളിൽ നിന്നാണ്.