പാറ്റ്ന: ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണൻ. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പൂർത്തിയാക്കുക. ഒക്ടോബർ 28, നവംബർ 3, നംവബർ ഏഴ് എന്നിങ്ങനെ മൂന്ന് ദിവസമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. 

ക്വാറൻ്റൈനിൽ കഴിയുന്ന വോട്ട‍ർമാർക്കും തെര‍ഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ അവസാനദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ട‍ർമാരുടെ പോളിം​ഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം. 

സാധാരണഗതിയിൽ ഇത് വൈകിട്ട് അഞ്ച് വരെയാണ് ഒരു മണിക്കൂറാണ് പോളിംഗ് സമയം കൂട്ടിയിരിക്കുന്നത്. അതേസമയം നക്സൽ ബാധിത മേഖലകളിൽ ഈ അധികസമയം അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നിലവിലെ ബീഹാർ നിയമസഭയുടെ കാലാവധി നവംബർ 29-നാണ് അവസാനിക്കുന്നത്. 243 അംഗ നിയമസഭയിൽ 38 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റുകൾ പട്ടികവിഭാഗത്തിനായുമായി സംവരണം ചെയ്യപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 

കൊവിഡിനെ നേരിടുന്നതിനൊപ്പം തന്നെ ജനാധിപത്യവും തന്നെ സംരക്ഷിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാസങ്ങൾ പിന്നിട്ടിട്ടും കൊവിഡ് 19ൻ്റെ വ്യാപനം കുറയുന്നില്ല. വോട്ട‍ർമാരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ആരോ​ഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കാനും കൂടി നമ്മൾ ബാധ്യസ്ഥരാണ്. 

ഏഴ് ലക്ഷം യൂണിറ്റ് സാനിറ്റൈസർ, 46 ലക്ഷം മാസ്കുകൾ, ആറ് ലക്ഷം പിപിഇ കിറ്റുകൾ, 6.7 ലക്ഷം ഫേസ് ഷിൽഡുകൾ, 23 ലക്ഷം ഹാൻഡ് ഗ്ലൗസുകൾ എന്നിവ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒറ്റത്തവണ ഉപയോ​ഗിക്കുന്ന 7.2 കോടി ഹാൻഡ് ​ഗ്ലൗസുകളും വോട്ടർമാർക്കായി വിതരണം ചെയ്യുമെന്നും സുനിൽ അറോറ അറിയിച്ചു.