ബിഹാറിൽ അവസാന ഘട്ട പോളിംഗ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്
ദില്ലി: ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിംഗ്. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും.
അതേസമയം, ബിഹാർ തെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്ന് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും എസ്ഐആറിനെതിരായ ഹർജികളും കോടതി പരിഗണിക്കും.


