പട്ന: കൊവിഡ് 19 ഭീതിയെ തുടർന്ന് ജനങ്ങൾ നോട്ടുകളിൽ തൊടാൻ മടിച്ചതോടെ ഓട്ടോഡ്രൈവര്‍ക്ക് തിരിച്ചു കിട്ടിയത് നഷ്ടപ്പെട്ട തുക. ബീഹാറിലെ സഹര്‍സ ജില്ലയിലാണ് സംഭവം നടന്നത്. ഗജേന്ദ്ര ഷാ എന്ന ഡ്രൈവര്‍ക്കാണ് നഷ്ടപ്പെട്ട 20,500 രൂപ തിരികെ ലഭിച്ചത്. 

മഹുവ ബസാറില്‍ നിന്ന് ടിന്‍ ഷെഡ് വാങ്ങാനായി ശനിയാഴ്ച രാവിലെയാണ്  25,000 രൂപയുമായി ഗജേന്ദ്ര ഷാ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കടയിൽ എത്തുന്നതിന് മുമ്പാണ് തന്റെ പോക്കറ്റിൽ നിന്ന് 20,500 രൂപ നഷ്മായതായി ഗജേന്ദ്ര അറിയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

“ചവയ്ക്കാനായി പുകയില പോക്കറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോളായിരിക്കണം പണം നഷ്ടപ്പെട്ടതെന്ന് തോന്നുന്നു. കൃത്യമായി എവിടെയാണ് പണം നഷ്ടമായതെന്ന് എനിക്കറിയില്ലെങ്കിലും, ഓട്ടോയിൽ നിന്ന് ഇറങ്ങി കുറച്ച് കിലോമീറ്ററുകൾ പിന്നോട്ട് നടന്ന് എന്റെ പണം തേടി“ഗജേന്ദ്ര പറയുന്നു

എന്നാൽ മണിക്കൂറോളം തിരഞ്ഞെങ്കിലും പണം ലഭിക്കാത്തതോടെ ഗജേന്ദ്ര വീട്ടിലേക്ക് മടങ്ങി. അപ്പോഴാണ് കൊറോണ വൈറസ് പ്രചരിപ്പിക്കാന്‍ ഉപേക്ഷിച്ച നോട്ടുകള്‍ ഉദകിഷ്ഗഞ്ച് പൊലീസ് കണ്ടെടുത്തതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുവെന്ന് അയല്‍വാസികള്‍ ഗജേന്ദ്രയെ അറിയിച്ചത്. കൊവിഡ് -19 ഭയന്ന് ആളുകൾ പണം തൊടാൻ തയ്യാറായില്ല, പിന്നാലെ വിവിരം അറിയിച്ചെത്തിയ പൊലീസ് സ്ഥലത്തെത്തി മുഴുവൻ തുകയും കണ്ടെടുക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. 

തുടര്‍ന്ന് ഗജേന്ദ്ര സാക്ഷികളുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തി. ഇയാളുടെ അവകാശവാദം പൊലീസ് പരിശോധിക്കുകയും രേഖാമൂലം സമര്‍പ്പിക്കാന്‍ സാക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. ഗജേന്ദ്രയുടെ അവകാശവാദം പരിശോധിച്ച പൊലീസ് പണം അയാള്‍ക്ക് കൈമാറുകയായിരുന്നു.

അതേസമയം, നോട്ടുകളിലൂടെ കൊറോണ വൈറസ് വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് റോഡില്‍ കിടക്കുന്ന പണത്തെക്കുറിച്ച് അറിയിക്കാന്‍ വിളിച്ച നാട്ടുകാര്‍ പറഞ്ഞതായി ഉദകിഷ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശശി ഭൂഷണ്‍ സിംഗ് പറഞ്ഞു.