Asianet News MalayalamAsianet News Malayalam

നിയമസഭയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം: പുലിവാല് പിടിച്ച് നിതീഷ് കുമാര്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി

പ്രതിപക്ഷ സഖ്യത്തില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് പ്രസ്താവന പിന്‍വലിച്ച് നിതീഷ് കുമാര്‍ തലയൂരിയത്.

Bihar Chief Minister Nitish Kumar apologises for population control remarks after backlash nbuPopulation Control ...
Author
First Published Nov 8, 2023, 3:51 PM IST

ദില്ലി: ജനസംഖ്യ നിയന്ത്രണത്തില്‍ നിയമ സഭയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷ സഖ്യത്തില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് പ്രസ്താവന പിന്‍വലിച്ച് നിതീഷ് കുമാര്‍ തലയൂരിയത്. നിതീഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. 

ആംഗ്യ വിക്ഷേപങ്ങളോടെ നിയമസഭയില്‍ ജനസംഖ്യ നിയന്ത്രണ ചര്‍ച്ചക്കിടെ നടത്തിയ പ്രസ്താവനയിലാണ് നിതീഷ് കുമാര്‍ പുലിവാല് പിടിച്ചത്. വിദ്യാഭ്യാസമുള്ളവരും, അല്ലാത്തവരുമായ സ്ത്രീകളെ താരതമ്യം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പദവി മറന്നത്. വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ക്ക് സന്താന നിയന്ത്രണത്തിനുള്ള ലൈംഗിക ബന്ധ രീതികള്‍ അറിയാം. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ആശങ്കയില്ല. ബിഹാറിലെ ജനനനിരക്ക് കുറഞ്ഞതിന്‍റെ കാരണവും മറ്റൊന്നല്ലെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ഭരണപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ പ്രോത്സാഹിപ്പിക്കുന്നതും പുറത്ത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ വ്യാപക വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു. 

മാപ്പ് ആവശ്യപ്പെട്ട ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖശര്‍മ്മ ഈ നിലപാടുള്ള മുഖ്യമന്ത്രി ഭരിക്കുന്ന ബിഹാറിലെ ജനങ്ങളുടെ കാര്യമോര്‍ത്ത് ആശങ്ക തോന്നുന്നുവെന്നും പ്രതികരിച്ചു. പ്രതിപക്ഷ സഖ്യത്തിലെ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. സഖ്യത്തിലെ പ്രധാന കക്ഷി നേതാക്കളും നിതീഷിനോട് സംസാരിച്ചു. തുടര്‍ന്ന് ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നവെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞ് വിവാദത്തില്‍ നിന്ന് നിതീഷ് കുമാര്‍ തലയൂരുകയായിരുന്നു. ബിജെപി അംഗങ്ങളടക്കം നിയമസഭയില്‍ വലിയ പ്രതിഷേധമുയര്‍ത്തിയതിനിടയായിരുന്നു മാപ്പപേക്ഷ.

Follow Us:
Download App:
  • android
  • ios