പട്ന: പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ രാജ്യമാകെ ശക്തമാകുമ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എന്‍ ഡി എ ക്യാമ്പില്‍ ഭിന്നത ശക്തമാകുന്നു. നിതീഷ് കുമാറിന്‍റെ ജെ ‍ഡി യുവാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ കാര്യത്തില്‍ നിലപാട് കടുപ്പിക്കുന്നത്. ബിഹാറിൽ എൻ ആർ സി നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ അസന്നിഗ്ദമായി പ്രഖ്യാപിച്ചുകഴിഞ്ഞു. എൻ ആർ സി യുടെ പ്രസക്തി അസമിൽ മാത്രമെന്നും നിതീഷ് ബീഹാർ നിയമസഭയിൽ പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പിലാക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ അമിത് ഷായും നിലപാട് തിരുത്തി. അസമിന് പുറത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അമിത് ഷാ വിശദീകരിച്ചു.

നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സംഖ്യ കക്ഷികള്‍ മുന്നണിക്കുള്ളില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ബിജെപി നേതൃത്വം നിലപാട് മയപ്പെടുത്തിയതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. നിതീഷിനൊപ്പം ഒഡിഷ മുഖ്യമന്ത്രി നവിന്‍ പട്നായിക്കും എന്‍ ആര്‍ സിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും നിതീഷ് നിലപാട് കടുപ്പിക്കുന്നതോടെ എന്‍ ആര്‍ സി കാര്യത്തില്‍ എന്‍ ഡി എയില്‍ ഭിന്നത ശക്തമാകുമെന്നുറപ്പാണ്.

നേരത്തെ പൗരത്വ ബില്ലിനെ ലോക്സഭയിലും രാജ്യസഭയിലും നിതീഷിന്‍റെ പാര്‍ട്ടിയായ ജെഡിയു പിന്തുണച്ചിരുന്നു. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് എന്‍ ആര്‍ സിയില്‍ നിലപാട് കടുപ്പിച്ച് നിതീഷ് രംഗത്തെത്തിയത്. പൗരത്വ ഭേദഗതിക്ക് പിന്തുണ നല്‍കിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിതീഷിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.