ദില്ലി: പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും ശക്തിപ്രാപിക്കുന്നതിനിടെ എന്‍ ഡി എ ക്യാമ്പില്‍ നിന്നും ആദ്യ വിമത ശബ്ദമാകുമെന്ന സൂചന നല്‍കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ ആര്‍ സി) നടപ്പാക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നിതീഷ് നല്‍കിയിരിക്കുന്നത്. എന്ത് എൻ ആർ സി? ഒരു കാരണവശാലും നടപ്പാക്കില്ല, ഇങ്ങെയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസുമടക്കമുള്ള പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ദോഷംവരുന്നതൊന്നും ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള സംരക്ഷണം നല്‍കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി  വിശദീകരിച്ചു. നേരത്തെ പൗരത്വ ബില്ലിനെ ലോക്സഭയിലും രാജ്യസഭയിലും നിതീഷിന്‍റെ പാര്‍ട്ടിയായ ജെഡിയു പിന്തുണച്ചിരുന്നു.  പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് നിതീഷിന്‍റെ മനംമാറ്റമെന്നാണ് വിലയിരുത്തലുകള്‍. പൗരത്വ ഭേദഗതിക്ക് പിന്തുണ നല്‍കിയതിനെതിരെ പാര്‍ട്ടിക്കുള്ളിലും നിതീഷിന് വലിയ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.

മോദിക്കെതിരെ ആദ്യകാലത്ത് വലിയ വിമര്‍ശനം നടത്തിയിരുന്ന നിതീഷ് പിന്നീട് നിലപാട് മാറ്റിയിരുന്നു. എന്തായാലും എന്‍ ആര്‍ സിക്കെതിരെ മോദി പാളയത്തില്‍ നിന്നുയരുന്ന ആദ്യ വിമത ശബ്ദമായേക്കും നിതീഷിന്‍റേതെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍ പലരും പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ബിജെപിയും സഖ്യകക്ഷികളും പൗരത്വ ഭേദഗതി നടപ്പാക്കുമെന്ന നിലപാടുമായി മുന്നോട്ടുപോകുമ്പോള്‍ എന്‍ ഡി എ സഖ്യത്തില്‍ നിന്ന് ഉയരുന്ന ആദ്യ എതിര്‍പ്പാണ് നിതീഷിന്‍റേത്. എന്‍ ഡി എ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ ആര്‍ സി നടപ്പിലാക്കില്ലെന്ന് പറയുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് നിതീഷ്.