പട്ന: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി ജെഡിയു. പരിസ്ഥിതി സംരക്ഷണത്തിനും ദുഷ്ട ശക്തികളെ തുടച്ചുനീക്കുന്നതിനും തന്‍റെ സര്‍ക്കാര്‍ പദ്ധതികളെ പിന്തുണക്കുന്നവരുടെ കൂറ്റന്‍ മനുഷ്യച്ചങ്ങല ഒരുക്കിയാണ് നിതീഷ് കുമാര്‍ ശക്തി തെളിയിച്ചത്. സംസ്ഥാനത്ത് 18034 കിലോമീറ്റര്‍ ദൂരത്തില്‍ ഏകദേശം 5.17 കോടി ആളുകള്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. 

2017ല്‍ സമ്പൂര്‍ണ മദ്യനിരോധനത്തെ പിന്തുണച്ചും 2018ല്‍ സ്ത്രീധനം, ശൈശ വിവാഹം എന്നിവക്കെതിരെയും ബിഹാര്‍ സര്‍ക്കാര്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. 2018ല്‍ 11000 കിലോമീറ്ററിലാണ് ആളുകളെ അണിനിരത്തിയത്. അന്ന് ബംഗ്ലാദേശിന്‍റെ റെക്കോര്‍ഡാണ് ബിഹാര്‍ തകര്‍ത്തതെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ പറഞ്ഞു. മനുഷ്യച്ചങ്ങലയുടെ ആകാശ ദൃശ്യം പകര്‍ത്താന്‍ ഏഴ് ഹെലികോപ്ടറുകളും നൂറുകണക്കിന് ഡ്രോണുകളെയും സജ്ജമാക്കി.

രാവിലെ 11.30ന് തുടങ്ങിയ മനുഷ്യ ചങ്ങല 12 മണിയോടെ അവസാനിച്ചു. പട്നയിലെ ഗാന്ധി മൈതാനില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മനുഷ്യച്ചങ്ങലക്ക് തുടക്കം കുറിച്ചത്. മാഗ്സസെ പുരസ്കാര ജേതാവ് രാജേന്ദ്ര സിംഗ്, യുഎന്‍ പരിസ്ഥിതി വിഭാഗം ഇന്ത്യന്‍ തലവന്‍ അതുലല്‍ ബാഗായി എന്നിവര്‍ ചങ്ങലയില്‍ കണ്ണികളായി.