പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം  പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ രണ്ട് ശതമാനത്തോളം കുറവാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതിനിടെ ഇന്ന് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ  മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ കല്ലേറുണ്ടായി. 

ഇന്ന് വോട്ടെടുപ്പ് നടന്ന ഇടങ്ങളിൽ തുടക്കത്തില്‍ പോളിംഗില്‍  നല്ല ഉണര്‍വ്വ് കണ്ടെങ്കിലും പിന്നീടങ്ങോട്ട് മന്ദഗതിയിലായി. പതിനൊന്ന് മണിവരെ ആദ്യഘട്ടത്തേക്കാള്‍ മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. വികസനമില്ലായ്മയുടെ പേരില്‍  ബറുറാജ് മണ്ഡലത്തിലെ ചുല്‍ഹായി ബിഷ്ണുപൂര്‍ ഗ്രാമവാസികള്‍ ഒന്നടങ്കം പോളിംഗ് ബഹിഷ്ക്കരിച്ചു. പറ്റ്ന ദിഘയിലെ സര്‍ക്കാര്‍ സ്കൂളില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വോട്ട് ചെയ്തു. ഉപമുഖ്യമന്ത്രി സുശീല്‍ മോദി  മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, അമ്മയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.

നിതീഷ് കുമാര്‍ ഇനി മുഖ്യമന്ത്രിയാകില്ലെന്ന് തേജസ്വി യാദവും ചിരാഗ് പാസ്വാനും ആവര്‍ത്തിച്ചപ്പോള്‍, എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് ബിഹാറില്‍ അവസാനവട്ട റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. വോട്ട് ചെയ്ത ശേഷം മധുബനിയിലെ റാലിയില്‍ സംസാരിക്കുമ്പോഴാണ് നിതീഷ് കുമാറിന് നേരെ കല്ലേറുണ്ടായത്. മദ്യ നിരോധനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാണികള്‍ക്കിടയില്‍ നിന്ന് ആരവമുയര്‍ന്നതിന് പിന്നാലെയാണ് നിതീഷ് കുമാറിന് നേരെ ആക്രമണം നടന്നത്. ഇനിയും എറിഞ്ഞോളൂവെന്ന് പ്രതികരിച്ച്  നിതീഷ് കുമാർ പ്രസംഗം തുടര്‍ന്നു.

തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ,ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ്  എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ഏഴ് മന്ത്രിമാരും ഈ ഘട്ടത്തിലെ സ്ഥാനാര്‍ത്ഥിപട്ടികയിലുണ്ടായിരുന്നു.