പറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിന്റെ വാഗ്ദാനങ്ങൾ തള്ളി ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വിഐപി പാർട്ടിയും. മഹാസഖ്യം വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതൻ റാം മാഞ്ചിയുടെ തീരുമാനം. തങ്ങൾക്കൊപ്പം നിന്നാൽ രണ്ട് മന്ത്രി സ്ഥാനങ്ങൾ തരാമെന്നായിരുന്നു മുകേഷ് സാഹ്നിയുടെ വിഐപി പാർട്ടിക്ക് മഹാസഖ്യം വാഗ്ദാനം ചെയ്തത്. ഇവരും വാഗ്ദാനം നിരസിച്ചതായാണ് വിവരം. ഇതോടെ മഹാസഖ്യത്തിന്റെ പ്രതീക്ഷ മങ്ങി. 

തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്‍റെ അമരത്തേക്ക് എത്തുകയാണ്. ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ വീണ്ടും ഞായറാഴ്ച യോഗം ചേരും. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.

സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള ബിജെപിയും ഇതിനായി നീക്കം നടത്തിയിരുന്നു. നിതീഷിനെ പിണക്കേണ്ടെന്ന നിലപാടില്‍ ബിജെപി  വിട്ടുവീഴ്ചക്ക് തയ്യാറായേക്കും. മന്ത്രിസ്ഥാനത്തേക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ജിതന്‍ റാം മാഞ്ചിക്ക് ഗവര്‍ണ്ണര്‍ സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം ജിതന്‍ റാം മാഞ്ചി ഉന്നയിച്ചു.