പട്ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ എൻഡിഎ ക്യാംപിൽ ആശങ്കയേറുന്നു. പ്രചാരണത്തിൽ മഹാസഖ്യം എൻഡിഎക്കൊപ്പം എത്തുന്നു എന്ന റിപ്പോർട്ടുകളാണ് നിതീഷ് കുമാറിന് തലവേദനയാകുന്നത്. നിതീഷിൻറെ ചിത്രം പാർട്ടി പോസ്റ്ററുകളുൽ നിന്ന് ഒഴിവാക്കിയത് വിവാദമാക്കേണ്ടെതില്ലെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. 

കൊവിഡ് കാലത്ത് ലോകത്തെ ആദ്യത്തെ വലിയ തെരഞ്ഞെടുപ്പിനു ബുധനാഴ്ച തുടക്കമാകുകയാണ്. ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന മണ്ഡലങ്ങളിൽ ദളിത് വോട്ടുകളാണ് പ്രധാനം.നിതീഷ്കുമാറിനെതിരെ രോഷം എല്ലായിടത്തും പ്രകടമാകുന്നുണ്ട്. ഒരു കാലത്ത് നിതീഷിനൊപ്പം നിന്ന സ്ത്രീ വോട്ടർമാരും ഇത്തവണ സ്വരം മാറ്റുകയാണ്.

കുടിയേറ്റ തൊഴിലാളി വിഷയം കൈകാര്യം ചെയ്ത രീതിയും തൊഴിലില്ലായ്മയും ആണ് നിതീഷിനെതിരായ രോഷത്തിന് പ്രധാന വിഷയം. അതിനിടെ, ബിജെപി സ്വന്തം സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ്. ഭരണവിരുദ്ധ വികാരം കണ്ട് ബിജെപി നിതീഷിൻറെ ചിത്രം പാർട്ടി  പോസ്റ്ററിൽ നിന്ന് ഒഴിവാക്കി. ഇതിൽ വിവാദം വേണ്ടെന്നാണ് ബിജെപി പറയുന്നത്. നിതീഷ്കുമാറിൻറെ ചിത്രം ബിജെപി പോസ്റ്ററുകളിൽ നിന്ന് ഒഴിവാക്കിയതിൽ തെറ്റില്ല. പാർട്ടി പോസ്റ്ററുകളിൽ മറ്റു നേതാക്കളെ ഉൾപ്പെടുത്താറില്ല. മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷിനു പിന്നിൽ ഉറച്ചു നില്ക്കും. തേജസ്വിക്ക് പിന്തുണയേറുന്നു എന്ന റിപ്പോർട്ടുകൾ വെറുതെയെന്ന് ഫലം തെളിയിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ എംപി പറയുന്നു.

തേജസ്വി യാദവിന് തല്ക്കാലം മഹാസഖ്യ വോട്ടർമാരുടെ താരമാകാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. അതിനപ്പുറം യുവാക്കളുടെ പിന്തുണ നേടാനും വോട്ടെടുപ്പിന് തൊട്ടുമുമ്പ് തേജസ്വിക്കാവുന്നു. ചിരാഗ് പാസ്വാൻറെ നിലപാട് നിതീഷ് കുമാറിനെ പ്രചാരണത്തിൽ പ്രതിരോധത്തിലാക്കുന്നുണ്ട്. മത്സരം ഏകപക്ഷീയമല്ല. ഓരോ ദിവസവും മുന്നണികൾക്കിടയിലെ വിടവ് കുറയുന്നുണ്ട്. കൊവിഡ് കാലത്ത് വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ആർക്കാണ് ശേഷി എന്നതും ഫലത്തിൽ നിർണ്ണായകമാകും.