Asianet News MalayalamAsianet News Malayalam

ബിഹാറില്‍ ക്ലൈമാക്‌സ്; വീണ്ടും എന്‍ഡിഎ, വന്‍ നേട്ടവുമായി ബിജെപി

75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി.
 

Bihar election: NDA retain power, BJP makes Huge gain
Author
Patna, First Published Nov 11, 2020, 4:13 AM IST

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി. 125 സീറ്റുകളിലാണ് ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ 110 സീറ്റുകള്‍ നേടി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍ഡിഎ വിജയം സ്വന്തമാക്കിയത്. മഹാഗഡ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണ് തീര്‍ന്നത്. 

75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെഡിയു നേരിട്ടത്. 2015ല്‍ 71 സീറ്റുകളാണ് ജെഡിയു നേടിയിരുന്നത്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നേരിട്ടു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, ഇടതുപാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍ട്ടികള്‍ ജയിച്ചു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സിപിഐ(എംഎല്‍) 11 സീറ്റ് നേടി. 

കറുത്ത കുതിരയാകുമെന്ന പ്രതീക്ഷിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. ഒരു സീറ്റില്‍ മാത്രമാണ് അവര്‍ ജയിച്ചത്. അവസാന നിമിഷം നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ട എല്‍ജെപി ജെഡിയുവിനെതിരെ എല്ലാ സീറ്റിലും മത്സരിക്കുകയും ബിജെപിക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ അസദ്ദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും നേട്ടമുണ്ടാക്കി. ബിഎസ്പി, ആര്‍എല്‍എസ്പി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ഒവൈസി മത്സരിച്ചത്. ഒവൈസിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിലെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അഞ്ച് സീറ്റ് നേടിയപ്പോള്‍ ബിഎസ്പി ഒരു സീറ്റ് നേടി. 233 സീറ്റുകളില്‍ ഇവര്‍ മത്സരിച്ചു. എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വിഐപി പാര്‍ട്ടികള്‍ നാല് സീറ്റ് വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. 

കക്ഷിനില

എന്‍ഡിഎ(125)

ബിജെപി-74
ജെഡിയു-43
ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-4
വിഐപി-4

മഹാഗഡ്ബന്ധന്‍(110)

ആര്‍ജെഡി-75
കോണ്‍ഗ്രസ്-19
സിപിഎം-2
സിപിഐ-2
സിപിഐ(എംഎല്‍)-12

Follow Us:
Download App:
  • android
  • ios