പട്ന: ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 55.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതൽപേർ പോളിംഗ് ബൂത്തിലെത്തിയെന്നാണ് അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ലഭിക്കുന്ന വിവരം. 

71 സീറ്റുകളിലേക്കാണ് ഇന്നലെ പോളിം​ഗ് നടന്നത്. 2.14 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 1066 ആകെ സ്ഥാനാര്‍ഥികൾ മത്സരിക്കുന്നുണ്ട്. അതിൽ 114 പേർ വനിതാ സ്ഥാനാര്‍ഥികളാണ്. എന്‍ഡിഎ സര്‍ക്കാരിലെ 6 മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. കൊവിഡ് മാർഗ്ഗനിർദ്ദേശം പാലിച്ചുള്ള ആദ്യ വലിയ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. 

കൊവിഡ് കാലത്ത് ഇത്രയും പേർ ബൂത്തിലെത്തിയത് ഭരണവിരുദ്ധ വികാരത്തിൻറെ സൂചനയായി തേജസ്വി യാദവിൻറെ നേതൃത്വത്തിലുള്ള മഹാസഖ്യം കാണുന്നു. എന്നാൽ പ്രതീക്ഷിച്ച തിരിച്ചടിയില്ലെന്നാണ് എൻഡിഎ നേതാക്കൾ പറയുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വം ഉയർത്തിക്കാട്ടി അടുത്ത രണ്ടു ഘട്ടങ്ങളിലേക്ക് പോകാനാണ് നിതീഷ്കുമാറിൻറെയും തീരുമാനം.ജെഡിയു നല്കുന്ന പത്രപരസ്യങ്ങളിലും പോസ്റ്ററുകളിലും മോദിക്ക് പ്രാമുഖ്യം നല്കാൻ നിതീഷും സമ്മതിച്ചു. പ്രധാനമന്ത്രിയുടെ റാലികൾ ആവേശമുണ്ടാക്കുന്നു എന്നാണ് നിതീഷിൻറെ വിലയിരുത്തൽ.ഇതിനിടെ തെരഞ്ഞെടുപ്പിനു ശേഷം നിതീഷിനെ ഒപ്പം കൂട്ടില്ലെന്ന് മഹാസഖ്യം ആവർത്തിച്ചു. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും അബദ്ധം ആവർത്തിക്കില്ലെന്ന് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു