ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയാണ്. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണത്തിന്‍റെ മുനയൊടിക്കുന്നത് കൂടിയാണ് ബിഹാറിലെ ലീഡ് നില.

ദില്ലി: തെരഞ്ഞെടുപ്പ് ഗോദയില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയാണ്. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണത്തിന്‍റെ മുനയൊടിക്കുന്നത് കൂടിയാണ് ബിഹാറിലെ ലീഡ് നില. സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്‍റെ അഭാവവും പരാജയത്തിന്‍റെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ഏറ്റവും പ്രായം ചെന്ന പാര്‍ട്ടിയുടെ ശനിദശ തുടരുകയാണ്. ബിഹാറിലും കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബലാബലത്തില്‍ കൂടുതല്‍ ശോഷിച്ചു. സീറ്റ് വിഭജനത്തിലടക്കം വലിയ വിട്ടുവീഴ്ച ചെയ്ത് ആര്‍ജെഡിയുടെ പിന്നില്‍ നിഴല്‍ പോലെ നിന്ന് മത്സരിച്ച കോണ്‍ഗ്രസിന് സ്വന്തം മുഖം പോലെ നഷ്ടപ്പെടും വിധം പരാജയം രുചിക്കേണ്ടി വന്നു. 2015ല്‍ മഹാസഖ്യത്തിന്‍റെ ഭാഗമായി 41ല്‍ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്. 2000ല്‍ വാശിപിടിച്ച് 70 സീറ്റില്‍ മത്സരിച്ചു. ലഭിച്ചതാകട്ടെ 19 സീറ്റ്. ഇക്കുറി കുറച്ച് വിട്ടുവീഴ്ച ചെയ്ത് 61 സീറ്റിലായിരുന്നു പോരാട്ടം. എന്നാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ താഴേക്ക് പോയി. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആക്രമണം വോട്ടായി മാറുമെന്ന കണക്കൂകൂട്ടലാണ് കോണ്‍ഗ്രസിന് പിഴച്ചത്. ബിഹാറിന്‍റെ തെരുവുകളിലൂടെ രാഹുല്‍ നടത്തിയ ജന്‍ അധികാര്‍ യാത്രയില്‍ കണ്ട ജനപങ്കാളിത്തത്തിന്‍റെ തിരയിളക്കമൊന്നും വോട്ടിങ് യന്ത്രത്തില്‍ പ്രതിഫലിച്ചില്ല. ആര്‍ജെഡി ഉള്‍പ്പെടെ മഹാസഖ്യത്തിലെ മറ്റു പാര്‍ട്ടികളും ഏറ്റെടുക്കാതെ ആയതോടെ വോട്ട് ചോരി രാഹുലിന്‍റേയും കോണ്‍ഗ്രസിന്‍റേയും മാത്രം ആയുധമായി മാറി. യുവാക്കളെ ആകര്‍ഷിക്കാനുളള സമൂഹമാധ്യമ ക്യാംപെയിനും ഏശിയില്ല. സംഘടനാ സംവിധാനത്തിന്‍റെ ദൗര്‍ബല്യവും പരാജയത്തിന് വഴിവെച്ചു.

രാജേഷ് കുമാറെന്ന പിസിസി അധ്യക്ഷന് പിന്നില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാനോ അണികളേയും പ്രവര്‍ത്തകരേയും ആവേശത്തിലാഴ്ത്താനോ കഴിഞ്ഞില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രദേശിക നേതൃത്വത്തിന്‍റെ അഭാവവും ബിഹാറിലെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിതീഷ് കുമാറിനും തേജസ്വി യാദവിനൊപ്പം തലയെടുപ്പുള്ള ഒരു നേതാവിനെ പ്രതിഷ്ഠിക്കാനും കോണ്‍ഗ്രസിനായില്ല. വോട്ടെടുപ്പിന് പിന്നാലെ ബിഹാറിലെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ വക്താവുമായ ഷക്കീല്‍ അഹമ്മദ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനകത്ത് കാര്യങ്ങള്‍ പന്തിയല്ലെന്ന് വ്യക്തമാക്കുന്നു. ഒരു നേതാവുമായുളള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ഷക്കീല്‍ അഹമ്മദ് രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. തോല്‍വിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരുകയാണ് കോണ്‍ഗ്രസ്. നിലവിലെ ട്രെൻഡ് മഹാസഖ്യത്തിന് നിരാശാജനകമെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൻഡിഎ പണം വിതരണം ചെയ്തു. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിച്ചതും ഈ ഫലത്തിന് കാരണമെന്നും അശോക് ഗെലോട്ട് കുറ്റപ്പെടുത്തി.

YouTube video player