ദില്ലി: ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് 152 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ, ബിഹാർ ആരോഗ്യ മന്ത്രി മം​ഗൾ പാണ്ഡെ എന്നിവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. മുസാഫർപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് നടപടി.

അതേസമയം, മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. രോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ബിഹാര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കകം എഴുതി തയ്യാറാക്കിയ മറുപടി നല്‍കണമെന്നും സർക്കാരിനോട് കോടതി നിര്‍ദേശിച്ചു.

മുസാഫർപൂരില്‍ പടര്‍ന്ന് പിടിച്ച മസ്തിഷ്‌ക ജ്വരം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നും എടുത്ത നടപടികള്‍ അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിച്ച് മനോഹര്‍ പ്രതാപ്, എസ്.അജ്മാനി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പത്ത് ദിവസത്തിന് ശേഷം ഹര്‍ജിയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.