ബീഹാറിലെ 'ഗോൾഡ്മാൻ' എന്നറിയപ്പെടുന്ന ഇന്ദ്രജീത് കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന മാനിച്ച് സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തി. രാജ്യതാൽപ്പര്യം മാനിച്ച് തന്റെ 12 കോടിയുടെ സ്വർണ്ണ നിക്ഷേപം രാജ്യത്തിന് സംഭാവന ചെയ്യാനും താൻ തയ്യാറാണെന്ന് 26-കാരനായ ഈ വ്യവസായി അറിയിച്ചു.

ഗയ: കോടികൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ ധരിച്ച് ബീഹാറിലുടനീളം "ഗോൾഡ്മാൻ" എന്ന പേരിൽ അറിയപ്പെടുന്ന 26 കാരനായ വ്യവസായി ഇന്ദ്രജീത് കുമാർ സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചു. വിദേശത്തുനിന്നും വിലകൂടിയ സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന മാനിച്ചാണ് ഗയ സ്വദേശിയായ ഈ യുവാവ് തന്റെ വലിയ സ്വർണ്ണ ഓർഡറുകൾ ഉൾപ്പെടെയുള്ളവ നിർത്തിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനങ്ങൾ എപ്പോഴും രാജ്യതാത്പര്യത്തിന് വേണ്ടിയുള്ളതാണെന്നും അതുകൊണ്ട് തന്നെ അത് അവഗണിക്കാൻ കഴിയില്ലെന്നുമാണ് ഇന്ദ്രജീത് പറയുന്നത്. തിന്റെ കയ്യിലുള്ള 12 കോടിയുടെ സ്വര്‍ണ നിക്ഷേപം രാജ്യത്തിന് സംഭാവന ചെയ്യാൻ തയ്യാറാണെന്നും ഗോൾഡ് മാൻ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗയ നഗരത്തിലെ മുരാർപൂർ കാളി സ്ഥാൻ ഗോൽബഗീച സ്വദേശിയായ ഇന്ദ്രജീത് കുമാർ എപ്പോഴും ശരീരത്തിൽ ഒരു കിലോഗ്രാമോളം സ്വർണ്ണമാണ് ധരിക്കാറുള്ളത്.കഴുത്തിൽ കട്ടിയുള്ള സ്വർണ്ണ മാലകൾ, കനത്ത വളകൾ, പത്ത് വിരലുകളിലും വലിയ മോതിരങ്ങൾ, സ്വർണ്ണം പതിപ്പിച്ച വാച്ചുകൾ എന്നിവ ധരിച്ചാണ് ഇയാൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇതിഹാസ ഗായകൻ ബപ്പി ലാഹിരിയുടെ ശൈലിയാണ് കനത്ത സ്വർണ്ണാഭരണങ്ങൾ ധരിക്കാൻ തനിക്ക് പ്രചോദനമായതെന്ന് ഇന്ദ്രജീത് വ്യക്തമാക്കുന്നു. പഴയ മോട്ടോർസൈക്കിളുകൾ, കാറുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയുടെ ബിസിനസ്സ് നടത്തുന്ന ഇന്ദ്രജീത് തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് സ്വർണ്ണത്തിലാണ് നിക്ഷേപിക്കുന്നത്. ഇയാൾ കൃത്യമായി നികുതിയും ജിഎസ്ടിയും ഒടുക്കുന്നുണ്ടെന്ന് പിതാവ് ദൽജീത് കുമാറും വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിമാസം 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപയുടെ വരെ സ്വർണ്ണം ഇന്ദ്രജീത് വാങ്ങാറുണ്ടായിരുന്നു. എന്നാൽ ഇതിലാദ്യമായി കഴിഞ്ഞ മെയ് മാസത്തിൽ ഇയാൾ സ്വർണ്ണം വാങ്ങിയിട്ടില്ല. ഏപ്രിലിലായിരുന്നു അവസാന പർച്ചേസ്. പ്രത്യേകം രൂപകൽപ്പന ചെയ്ത 1.5 കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണ ഷർട്ടും, തന്റെ ബുള്ളറ്റ് മോട്ടോർസൈക്കിളിനായി സ്വർണ്ണം പൂശിയ ഭാഗങ്ങൾ നിർമ്മിക്കുന്നതിനുമുള്ള വലിയ പദ്ധതികളാണ് ഇപ്പോൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്നത്. 2018-ൽ ഒരു വിനോദമായി തുടങ്ങി പിന്നീട് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയ സ്വർണ്ണാഭരണ വേട്ടയാണ് രാജ്യത്തിനായി ഇന്ദ്രജീത് തൽക്കാലം നിർത്തിയത്. 2030-ഓടെ 7 മുതൽ 8 കിലോഗ്രാം വരെ സ്വർണ്ണം സ്വന്തമാക്കണമെന്നും ഭാവിയിൽ രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ്മാൻ ആകണമെന്നുമാണ് ഇന്ദ്രജീതിന്റെ ലക്ഷ്യം.