പാറ്റ്ന: ബീഹാറിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 130 ആയി.106 പേ‍ർ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്. ചൂട് കണക്കിലെടുത്ത് സംസ്ഥാനത്ത് സ്കൂളുകൾക്ക് ഈ മാസം 22 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. 

പലസ്ഥലങ്ങളിലും കനത്ത ചൂട് തുടരുകയാണ്. സംസ്ഥാനത്ത് ഗയയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ചൂട് കൂടിയ പശ്ചാത്തലത്തിൽ ഗയയിൽ പൊലീസ് ഇന്നലെ നിരോധ‍നാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാവിലെ 11 മുതൽ 4 മണിവരെ പ്രദേശത്ത് വെയിലത്തുള്ള ജോലികൾ ഒഴിവാക്കിയും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. 

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളും താൽക്കാലികമായി നിർത്തിവച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകി.