പട്ന: കശ്മീരി സഹോദരിമാരെ വിവാഹം കഴിച്ച ബിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്ന് ഇവരുടെ പിതാവ് നല്‍കിയ പരാതിയില്‍ ജമ്മുകശ്മീര്‍ പൊലീസാണ് യുവാക്കളെ പിടികൂടിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.  

ബിഹാറിലെ രാംവിഷ്ണുപുര്‍ സ്വദേശികളായ പര്‍വേസ്, തവ്റേജ് ആലം എന്നിവരെയാണ് കശ്മീര്‍ പൊലീസ് ബിഹാറിലെത്തി അറസ്റ്റ് ചെയ്തത്. സഹോദരിമാരെ തട്ടിക്കൊണ്ടുപോയതല്ലെന്നും ഇവര്‍ തങ്ങളുടെ ഭാര്യമാരാണെന്നും യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. മരപ്പണിക്കാരായ യുവാക്കള്‍ കശ്മീരിലെ റംബാനില്‍ ജോലിക്ക് പോയിരുന്നു. അവിടെ വെച്ച് യുവതികളുമായി പ്രണയത്തിലാകുകയായിരുന്നു.  പിന്നീട് ഇവര്‍ വിവാഹിതരായി. കശ്മീരില്‍ നിന്ന് മടങ്ങിയപ്പോള്‍ ഭാര്യമാരെയും ബിഹാറിലേക്ക് കൊണ്ടുപോയി.

എന്നാല്‍ യുവതികളുടെ പിതാവ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  യുവതികളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് പ്രതികള്‍ പറയുന്നതെന്നും ജമ്മുകശ്മീര്‍ സംഘം ബിഹാറിലെത്തി സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സുപൗല്‍ ഡിവൈഎസ്പി വിദ്യാസാഗര്‍ പറഞ്ഞു.