Asianet News MalayalamAsianet News Malayalam

കോഴിക്കോട് നിന്നും മൃതദേഹവുമായി വന്ന ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്

എയർ​ഗൺ ഉപയോ​ഗിച്ചാണ് വാഹനത്തിന് നേരെ വെടിവച്ചതെന്ന് സംശയിക്കുന്നതെന്നും വെടിയേറ്റ് ആംബുലൻസിൻ്റെ ചില്ല് തകർന്നെന്നും ഡ്രൈവർ ഫഹദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Bihar Police Escorts ambulance comes from Kerala
Author
First Published Nov 27, 2022, 11:44 AM IST

പൂർണിയ: കോഴിക്കോട് വച്ച് മരണപ്പെട്ട അതിഥി തൊഴിലാളിയുമായി കോഴിക്കോട്ടേക്ക് പോയ ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്. ബിഹാറിലെ പൂർണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ഈ ആംബുലൻസിന് നേരെ ഇന്നലെ മധ്യപ്രദേശിൽ വച്ച് വെടിവയ്പ്പുണ്ടായിരുന്നു. ജബൽപൂർ - റിവ ദേശീയപാതയിൽ വച്ചാണ് ആംബുലൻസിന് നേരെ ആക്രമണമുണ്ടായത്. എയർ​ഗൺ ഉപയോ​ഗിച്ചാണ് വാഹനത്തിന് നേരെ വെടിവച്ചതെന്ന് സംശയിക്കുന്നതെന്നും വെടിയേറ്റ് ആംബുലൻസിൻ്റെ ചില്ല് തകർന്നെന്നും ഡ്രൈവർ ഫഹദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെടിവയ്പ്പിനെ തുട‍ർന്ന് മൃതദേഹവുമായി ആംബുലൻസ് റിവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. 

വിഷയത്തിൽ ഇടപെട്ട ലോക് താന്ത്രിക് ജനദാതൾ നേതാവ് സലീം മടവൂ‍ർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിക്കുകയും അദ്ദേഹത്തിൻ്റെ നിർദേശ പ്രകാരം മധ്യപ്രദേശിൽ നിന്നും ആംബുലൻസ് ബിഹാ‍റിൽ പ്രവേശിച്ചപ്പോൾ തന്നെ പൊലീസ് ആംബുലൻസിന് അകമ്പടി നൽകുകയായിരുന്നു. ഉച്ചയോടെ ബിഹാർ സ്വദേശിയുടെ മൃത​ദേഹം പൂ‍ർണിയയിലെ വീട്ടിലെത്തിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്നലെ രാവിലെ 11.30-ഓടെയാണ് ദേശീയപാതയിൽ വച്ച് ആംബുലൻസിന് നേരെ വെടിവയ്പ്പുണ്ടായത്. വെടിവച്ചവർ ആരെന്ന് വ്യക്തമല്ലെന്നും അനിരവധി അക്രമസംഭവങ്ങളും കവ‍ർച്ചയും റിപ്പോർട്ട് ചെയ്യപ്പെട്ട റോഡിലൂടെയാണ് പോകേണ്ടതെന്ന് ഡ്രൈവർ ഫഹദ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കോഴിക്കോട് ഫറോക്കിൽ വച്ച് ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹവുമായിട്ടാണ് ആംബുലൻസ് പൂർണിയയിലേക്ക് പോയത്. സമയം വൈകും തോറും മൃതദേഹം മോശപ്പെട്ട അവസ്ഥയിലേക്ക് മാറുന്നതിനാൽ വെടിയേറ്റിട്ടും പൊലീസിൽ പരാതി നൽകി ആംബുലൻസ് യാത്ര തുടരുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios