അറാറിയ (ബിഹാര്‍): ലോക്ക്ഡൌണിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരിശോധിച്ച പൊലീസുകാരന് ഏത്തമിടല്‍ ശിക്ഷ. ബിഹാറിലെ അറാറിയ ജില്ലയിലാണ് സംഭവം. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടക്കുന്നതിനിടെ സര്‍ക്കാര്‍ വാഹനത്തില്‍ വന്നവരെ പരിശോധിച്ചതിനാണ് ശിക്ഷ. 

തിങ്കളാഴ്ച രാവിലെ ബൈര്‍ഗച്ചി ചൌക്കിലെ പരിശോധനയിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ജില്ലാ കൃഷി ഓഫീസറുടെ വാഹനത്തിന് കൈകാണിച്ചത്. ഗണേഷ് താറ്റ്മ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് വാഹനത്തിന് കൈകാണിച്ചത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന ജില്ലാ കൃഷി ഓഫീസര്‍ മനോജ് കുമാര്‍ പൊലീസുകാരനോട് തട്ടിക്കയറുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് നടക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജയിലില്‍ ആക്കുമായിരുന്നുവെന്ന് കൃഷി ഓഫീസര്‍ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട് അവിടേക്കെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും കൃഷി ഓഫീസറിനെ പിന്തുണച്ചു. കൃഷി ഓഫീസറിനോട് മാപ്പ് പറയാന്‍ മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കോണ്‍സ്റ്റബിളിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കൈകള്‍ ചെവിയില്‍ പിടിച്ച് ഏത്തമിടാനും ഗണേഷിനോട് ആവശ്യപ്പെട്ടു. മറ്റ് പൊലീസുകാര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ശിക്ഷ. 

ശിക്ഷ നടക്കുന്നതിന് ഇടയില്‍ ജില്ലാ കൃഷി ഓഫീസറെ പരിശോധിക്കാന്‍ തുനിഞ്ഞോയെന്ന് മുതിര്‍ന്ന പൊലീസുകാരന്‍ ഗണേഷിനോട് ശകാരിക്കുകയും ചെയ്തു. വീഡിയോ പുറത്ത് വന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ പൊലീസ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.