പാറ്റ്ന: രണ്ടാം ഘട്ട  വോട്ടെടുപ്പില്‍ ബിഹാറില്‍ മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരു മണി വരെ 94 മണ്ഡലങ്ങളിലായി 32.82 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി കഴിഞ്ഞു. എല്ലാവരും വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആഹ്വാനം ചെയ്തപ്പോള്‍ നിതീഷ് കുമാര്‍ ഇനി മുഖ്യമന്ത്രിയാകില്ലെന്ന് തേജസ്വിയാദവും ചിരാഗ് പാസ്വാനും പറഞ്ഞു.

2.8 കോടി വോട്ടര്‍മാര്‍, ഒരു ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പടെ 1463 സ്ഥാനാര്‍ത്ഥികള്‍, നാല്‍പത്തി രണ്ടായിരത്തോളം പോളിംഗ് ബൂത്തുകള്‍. ആദ്യ ഘട്ടത്തേക്കാള്‍ ആവേശമാണ് പോളിംഗ് നിരക്കില്‍ ഇന്ന് കാണാനാകുന്നത്. വിഐപി മണ്ഡലങ്ങളിലൊക്കെ ഏഴ് മണി മുതലേ  നീണ്ട ക്യൂ ദൃശ്യമാണ്. പാറ്റ്ന ദിഘയിലെ  സര്‍ക്കാര്‍ സ്കൂളില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വോട്ട് ചെയ്തു. 

മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, ഉപമുഖ്യമന്ത്രി സുശീല്‍മോദി, മുന്‍മുഖ്യമന്ത്രി റാബ്റി ദേവി  തുടങ്ങിയവരും രാവിലെ തന്നെ  വോട്ട് ചെയ്തു. രണ്ടാംഘട്ടം പോളിംഗ് പുരോഗമിക്കുന്നതിനിടെ അവസാന വട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി ബിഹാറിലെത്തി. പോളിംഗ് ശതമാനത്തിലെ വര്‍ധന എന്‍ഡിഎക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി  തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ, ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ്  എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 7 മന്ത്രിമാരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. 

എന്‍ഡിഎയില്‍ ജെഡിയു നാല്‍പത്തി മൂന്ന് സീറ്റുകളിലും, ബിജെപി നാല്‍പത്തിയാറ് സീറ്റിലും മത്സരിക്കുന്നു. മഹാസഖ്യത്തില്‍ ആര്‍ജെഡി അന്‍പത്തിയാറ് സീറ്റിലും, കോണ്‍ഗ്രസ് 24, ഇടത് കക്ഷികള്‍ 12 സീറ്റിലും മത്സരിക്കും . 52 സീറ്റുകളിലാണ് എല്‍ജെപി ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്.