ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഒഴിവാക്കിയതിനുള്ള കാരണവും നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ദില്ലി: ബീഹാറിലെ എസ്ഐആറിൽ ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടിക ജില്ലാതലത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ഒഴിവാക്കിയവർക്ക് പരാതിയുണ്ടെങ്കിൽ ആധാർ രേഖയായി അംഗീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. വോട്ടർമാർ രാഷ്ട്രീയപാർട്ടികളെ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെർച്ച് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ പട്ടിക നല്കാൻ കോടതി നിർദ്ദേശിച്ചത്. ബീഹാറിൽ ഇക്കൊല്ലത്തെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത് 7 കോടി 89 ലക്ഷം വോട്ടർമാരാണ്. എസ്ഐആർ കഴിഞ്ഞപ്പോൾ ഇത് 7 കോടി 24 ലക്ഷമായി ചുരുങ്ങി. ബാക്കി 65 ലക്ഷം പേരുടെ പട്ടിക എവിടെ എന്ന ചോദ്യമാണ് സുപ്രീംകോടതി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിച്ചത്.
രാഷ്ട്രീയ പാർട്ടികൾക്ക് പട്ടിക കിട്ടിയതു കൊണ്ട് കാര്യമില്ല. ജനാധിപത്യത്തിൽ വോട്ടർമാർക്ക് നേരിട്ട് തന്‍റെ അവകാശം സംരക്ഷിക്കാൻ കഴിയണം. ഒഴിവാക്കിയവരുടെ പട്ടിക ജില്ലാ തലത്തിൽ പ്രസിദ്ധീകരിക്കണം. വോട്ടർ ഐഡി നമ്പർ അടിച്ചാൽ പേരുണ്ടോ എന്ന് സർച്ച് ചെയ്യാൻ കഴിയുന്ന തരത്തിലാകണം പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. ബൂത്തു തല ഉദ്യോഗസ്ഥൻമാരുടെ കൈയ്യിലും ഓഫീസിലും ഈ പട്ടിക ഉണ്ടാകണം. ഇത് പരിശോധിച്ച് തന്നെ ഒഴിവാക്കിയെങ്കിൽ പരാതി നല്കാൻ വോട്ടർക്ക് കഴിയണം.
പട്ടിക എങ്ങനെ പരിശോധിക്കാം എന്ന് ജനങ്ങളോട് ലളിതമായി വിശദീകരിക്കുന്ന പരസ്യം പത്രങ്ങളിലും ടിവി ചാനലുകളിലും നല്കണം. ഒഴിവാക്കിയതിനെതിരെ പരാതി നല്കുന്നവരിൽ നിന്ന് ആധാർ കാർഡും രേഖയായി സ്വീകരിക്കണം എന്നും കോടതി നിർദ്ദേശിച്ചു. മരിച്ചു പോയെന്ന് കമ്മീഷൻ രേഖപ്പെടുത്തി ഒഴിവാക്കിയവർ എങ്ങനെയാണ് കോടതിയിൽ പരാതിയുമായി വരുന്നതെന്നും രണ്ടംഗ ബഞ്ച് ചോദിച്ചു. എസ്ഐആറിനു അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് വാക്കാൽ നിരീക്ഷിച്ചു കൊണ്ടാണ് നടപടികളിലെ പിഴവ് തിരുത്താനുള്ള നിർദ്ദേശം കോടതി വച്ചത്.
കോടതി നിർദ്ദേശം പാർട്ടി നിലപാടിന്‍റെ വിജയമെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഡിജിറ്റൽ പട്ടിക പുറത്തുവിടണമെന്നും ആധാർ കാർഡ് അംഗീകരിക്കണമെന്നും തുടക്കം മുതൽ കോൺഗ്രസ് വാദിക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. എസ്ഐആർ വരുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ബാധകമാകുമോ എന്ന് ഇനി അടുത്ത വെള്ളിയാഴ്ച സുപ്രീംകോടതി പറയും.

