അജ്മീര്‍: ജനസംഖ്യ നിയന്ത്രണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ കാലാകാലങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ജനസംഖ്യ നിയന്ത്രണത്തിന്‍റെ ഭാഗമായി ഇപ്പോള്‍ രാജസ്ഥാനിലെ അജ്മീര്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി രാജ്യമാകെ ചര്‍ച്ചയാകുകയാണ്. വന്ധ്യംകരണത്തിന് തയ്യാറാകുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് വമ്പന്‍ ഓഫറുകളാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.

വന്ധ്യംകരണത്തിന് ആളുകളെ സജ്ജരാക്കുന്നവരെ കാത്തിരിക്കുന്നത് പുതുപുത്തന്‍ ബൈക്കുകളും ടി വിയുമൊക്കെയാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സമ്മാനം ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അമ്പതോ അതിലധികമോ പുരുഷന്‍മാരെ വന്ധ്യംകരണത്തിന് സജ്ജരാക്കുന്നവര്‍ക്ക് പുതുപുത്തന്‍ ബൈക്ക് സമ്മാനം ലഭിക്കും. മുപ്പത്തിയഞ്ചിലധികം പുരുഷന്‍മാരെ വന്ധ്യംകരണത്തിന് എത്തിക്കുന്നവര്‍ക്ക് സ്കൂട്ടര്‍ ലഭിക്കും. ഇരുപത്തിയഞ്ചുപേരെ എത്തിക്കുന്നവര്‍ക്കാണ് എല്‍ ഇ ഡി ടിവി സമ്മാനം ലഭിക്കുക.

വന്ധ്യംകരണം വലിയ തോതില്‍ നടപ്പിലാക്കാനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് അജ്മീര്‍ ജില്ലാ കളക്ടര്‍ വിശ്വമോഹന്‍ ശര്‍മ്മ വ്യക്തമാക്കി. രാജസ്ഥാനില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വെറും 442 പുരുഷന്‍മാര്‍ മാത്രമാണ് വന്ധ്യംകരണത്തിന് തയ്യാറായിട്ടുള്ളത്. അതേസമയം 52000 സ്ത്രീകള്‍ വന്ധ്യംകരണത്തിന് വിധേയരായിട്ടുമുണ്ട്. ഈ അന്തരം കുറയ്ക്കുകയെന്നതും ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നു. വന്ധ്യംകരണം നടത്തുന്ന പുരുഷന്‍മാര്‍ക്ക് 2000 രൂപ വീതം രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.