മുംബൈ: പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി. നവി മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.30 ന് പന്‍വേല്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഉമ്രോലി ഗ്രാമത്തിലാണ് സംഭവം. 

ആദിത്യ അമ്രേ (30), സരിക അമ്രേ(28) എന്നിവരെയാണ് കാണാതായത്. ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ നദി കര കവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയിരുന്നു. പാലത്തിന് കൈവരികളും ഇല്ല. ഇത് അപകടത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. 

പാലത്തിലൂടെ ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നദി കുത്തിയൊഴുകുകയും ഇരുവരും ഒഴുകി പോകുകയുമായിരുന്നു. ദമ്പതികളെ കാണാതായതോടെ നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. 

കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേന്ദ്ര ദുരന്തനിവാരണ സേനയെയും വിവരമറിയിച്ചിട്ടുണ്ട്. കാണാതായവര്‍ ആ നാട്ടുകാരല്ലെന്നും കുറച്ചുമാസങ്ങളായി ആ ഗ്രാമത്തില്‍ വാടകയ്ക്ക് താമസിക്കുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.