അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതായും എന്‍ഫോഴ്‍സ്‍മെന്‍റിന്‍റെ കുറ്റപത്രത്തിലുണ്ട്.
ബെംഗളൂര്‍: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി കുറ്റപത്രം. ബിനീഷ് പറഞ്ഞാല്‍ എന്തും ചെയ്യുന്നയാളാണ് കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അനൂപെന്നും , ബിനീഷ് അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച വലിയതുക മറ്റ് വ്യവസായങ്ങളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ബിനീഷ് അനൂപിന്‍റെ ബോസാണെന്നും കുറ്റപത്രത്തില്‍ ഇഡി ആവർത്തിക്കുന്നുണ്ട്. ബെംഗളൂരുവില്‍ ലഹരിപാർട്ടിക്കിടെ കേരള സർക്കാരിന്‍റെ കരാറുകൾ ലഭിക്കാന്‍ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചർച്ച നടത്തിയെന്നും , കരാറിന്‍റെ നാല് ശതമാനം തുകവരെ കമ്മീഷനായി ബിനീഷിന് വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്. കോടതിയില്‍ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ വൈകാതെ വിചാരണ നടപടികൾ ആരംഭിക്കും.
